എഫ്സിസി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ 50% സബ്സിഡിയിൽ ലാപ്ടോപുകൾ വിതരണം ചെയ്തു

Kerala

ആലുവ: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ മുഖാന്തരം സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് സ്കീമിൽ ഉൾപ്പെടുത്തി 50% സാമ്പത്തിക സഹായത്തോടെ എഫ്. സി. സി. തിരുഹൃദയപ്രൊവിൻസിന്റെ സാമൂഹ്യസേവനവിഭാഗമായ പ്രോജക്റ്റ് ഇമ്പ്ലിമെന്റിംഗ് ഏജൻസി സേക്രഡ് ഹാർട്ട്‌ ക്ലാരിസ്റ്റ് പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ ക്ലാരപുരം പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് ലാപ്ടോപുകൾ വിതരണം നടത്തി.നഗരസഭാധ്യക്ഷൻ ശ്രീ എം. ഒ. ജോൺ മൂന്നു പേർക്ക്‌ ലാപ്ടോപ് നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു.

+2 മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്നവരും സ്വന്തമായി ഒരു ലാപ്ടോപ് എന്ന സ്വപ്നം യഥാർഥ്യമാക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുമായവർക്ക് സഹായവും നിപുണത ശാക്തീകരണവും ഒപ്പം വരുമാനവും ലക്ഷ്യം വച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതനുസരിച്ച് ലാപ്ടോപ് വിതരണത്തിന് മുൻപായി കുട്ടികൾക്ക് ഡിജിറ്റൽ സ്കിൽ, പ്രൊജക്റ്റ്‌ ഡെവലപ്പ്മെന്റ്, മാനേജ്മെന്റ്, ലീഡർഷിപ്പ് സ്കിൽസ്, ക്രിട്ടിക്കൽ തിങ്കിങ്, സന്നദ്ധ സംഘടനകളോട് ചേർന്ന് സേവനം ചെയ്യാനുള്ള അവസരങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് ഒരു ട്രെയിനിങ്ങും വിഭാവനം ചെയ്യുന്നു. 85 പേർക്കാണ് എച്ച് പി കമ്പനിയുടെ ലാപ്ടോപ് അതിന്റെ ബാഗ് ഉൾപ്പെടെ വിതരണം ചെയ്തത്.

ലാപ്ടോപ്, തയ്യൽ മെഷീൻ, കോഴിക്കൂട്, വിത്ത്, വളം,കാർഷീക ഉപകരണങ്ങൾ, സ്ത്രീകൾക്ക് ഇരു ചക്രവാഹനം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികളാണ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ മുഖേന നടപ്പാക്കുന്ന സാമൂഹ്യസംരംഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുന്നത്. സൊസൈറ്റി സെക്രട്ടറി സി. ഷേഫി ഡേവിസ് പദ്ധതി വിശദീകരണം നടത്തി. അസി. പ്രൊവിൻഷ്യൽ സി. സജിത അധ്യക്ഷയായിരുന്നു, പ്രൊവിൻഷ്യൽ കൗൺസിലേഴസ് സി. ലിറ്റ്സി, സി. തേജസ്‌, മുൻ വാർഡ് കൗൺസിലർ ശ്രീ. സൈമൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സി. ഷേഫി ഡേവിസ് സ്വാഗതവും സി. നിഷ വർഗീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *