കര്‍ഷക ആത്മഹത്യ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൊലപാതകം: കെ സുരേന്ദ്രന്‍

Kerala

തകഴിയിലെ കര്‍ഷക ആത്മഹത്യ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആത്മഹത്യയ്ക്ക് കാരണം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയമാണ്. അതിദാരുണമായ സംഭവമാണിത്. നെല്‍കര്‍ഷകര്‍ക്ക് നാലില്‍ മൂന്ന് ശതമാനം സംഭരണ തുകയും നല്‍കുന്നത് കേന്ദ്രമാണ്. കേന്ദ്രത്തിന്റെ തുക കര്‍ഷകര്‍ക്ക് കൊടുക്കാതെ വകമാറ്റുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷകന്റെ മൃതദേഹം സൂക്ഷിച്ച തിരുവല്ല ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.

കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും കര്‍ഷകര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഈ ആത്മഹത്യകള്‍ നടക്കുമായിരുന്നില്ല. കര്‍ഷക ദ്രോഹ നയമാണ് സ്വീകരിക്കുന്നത്. കുട്ടനാട്ടിലും പാലക്കാട്ടും കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ കൊടുക്കുന്ന 7 രൂപ ഇല്ലെങ്കില്‍ കേന്ദ്രം കൊടുക്കുന്ന 21 രൂപ കൊടുക്കാമല്ലോ. ആത്മഹത്യയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ച കര്‍ഷകന് മെച്ചപ്പെട്ട ചികിത്സയും കിട്ടിയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മെച്ചപ്പെട്ട ചികിത്സ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. എങ്ങനെ നോക്കിയാലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണിത്. മനഃസാക്ഷിയില്ലാത്ത നയങ്ങളാണ് കൊലയ്ക്ക് കാരണമെന്നും സുരേന്ദ്രന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

പിണറായി വിജയന്റെ പേരിലുള്ള ടെന്നീസ് മാച്ചിനും ചെഗുവേരയുടെ പേരിലുള്ള ചെസ്സ് മാച്ചിനും ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പക്ഷേ കര്‍ഷകര്‍ക്ക് മാത്രം പൈസയില്ല. കര്‍ഷക ആത്മഹത്യക്ക് പിണറായി വജയന്‍ ഉത്തരം പറയണം. മനസാക്ഷിയും കണ്ണില്‍ ചോരയും ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അതുകൊണ്ടാണ് കര്‍ഷകന്റെ ജീവന്‍ പൊലിഞ്ഞതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *