ഭൂമി കുംഭകോണക്കേസില്‍ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഇ.ഡി ഹേമന്ത് സോറന്റെ വസതിയില്‍

Breaking National

ഭൂമി കുംഭകോണക്കേസില്‍ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ റാഞ്ചിയിലെ വസതിയിലെത്തി. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സി.ഐ.എസ്.എഫിന്റെയും സി.ആർ.പി.എഫിന്റെയും കനത്ത സുരക്ഷ അകമ്ബടിയോടെ ഇ.ഡി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) എക്സിക്യൂട്ടിവ് പ്രസിഡന്റ് കൂടിയായ സോറന് നേരത്തേ ഏഴുതവണ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം അവഗണിക്കുകയായിരുന്നു. എട്ടാം തവണത്തെ നോട്ടീസിനുള്ള മറുപടിയിലാണ് ചോദ്യം ചെയ്യാൻ സമ്മതിച്ചത്.

അഡ്വക്കറ്റ് ജനറല്‍ രാജീവ് രഞ്ജൻ, ഡി.ജി.പി അജയ് സിങ്, റാഞ്ചി ഡെപ്യൂട്ടി കമീഷണർ രാഹുല്‍ കുമാർ സിഹ്ന തുടങ്ങിയവർ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിരുന്നു.

രാവിലെ പാർട്ടി എം.എല്‍.എമാർ മുഖ്യമന്ത്രിയുടെ വീട്ടില്‍ യോഗം ചേർന്നു. സാഹചര്യം ചർച്ച ചെയ്തതായും ഇ.ഡിയുടെ നിലപാടിനനുസരിച്ചായിരിക്കും ഭാവികാര്യങ്ങള്‍ തീരുമാനിക്കുകയെന്നും ജെ.എം.എം ജനറല്‍ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ചില ഗോത്രവിഭാഗങ്ങളുടെ ഇ.ഡിക്കെതിരായ പ്രതിഷേധം പാർട്ടി ആഹ്വാനപ്രകാരമല്ലെന്നും സ്വാഭാവിക പ്രതികരണമാണെന്നും സുപ്രിയോ പറഞ്ഞു.

സോറന്റെ വീടിന്റെ പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. പ്രദേശത്ത് വൻ സുരക്ഷ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ബി.ജെ.പി നേതാക്കളുടെ വസതിക്കും കാവല്‍ ഏർപ്പെടുത്തി.കോണ്‍ഗ്രസ് എം.എല്‍.എമാരും സോറന്റെ വീട്ടിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമാണെന്ന് പി.സി.സി പ്രസിഡന്റ് രാജേഷ് താക്കൂർ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മാറ്റുന്ന റാക്കറ്റിനെതിരെയാണ് അന്വേഷണമെന്നാണ് ഇ.ഡിയുടെ ഭാഷ്യം. 14 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇ.ഡി സമൻസുകള്‍ തുടർച്ചായി അവണിക്കുകയാണുണ്ടായത്. ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി സമൻസുകള്‍ നാലുതവണയാണ് കെജ്രിവാള്‍ അവഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *