ദില്ലി: അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജൂലൈ 6 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനം. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തിൽ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘടനക്കായി അഭിഭാഷകൻ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, ഹർജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അനയ്ക്ക് പരിക്കുണ്ടെന്നും ഹർജിയിൽ പറയുന്നു.