ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ നിയമം നിലവിൽ വന്നതോടെ വൈദ്യുതി ലൈനുകൾ ഇടാൻ ഭൂവുടമകളുടെ അനുമതി വേണമെന്ന വ്യവസ്ഥ നിർബന്ധമായി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.
1885ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്‌ട്, 1933ലെ ഇന്ത്യൻ വയര്‍ലെസ് ടെലിഗ്രാഫ് ആക്‌ട് എന്നിവ പ്രകാരം ഒരു സ്ഥലത്തുകൂടി വൈദ്യുത ലൈൻ വലിക്കുന്നതിന് ഭൂവുടമയ്ക്ക് എതിര്‍പ്പുണ്ടെങ്കിലും ജില്ലാ കളക്‌ടറുടെയോ അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റിന്‍റെയോ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ എതിര്‍പ്പ് മറികടന്ന് ലൈൻ വലിക്കാനാകുമായിരുന്നു.
പുതിയ നിയമപ്രകാരം സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ വൈദ്യുതലൈൻ വലിക്കണമെങ്കില്‍ സ്ഥലമുടമയുടെ കൃത്യമായ അനുമതി വേണ്ടിവരും. മതിയായ നഷ്ടപരിഹാരം നല്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
തര്‍ക്കമുണ്ടായാല്‍ അത് പരിഹരിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തര്‍ക്കം പരിഹരിച്ചതിനുശേഷം മാത്രമേ ലൈൻ വലിക്കാൻ കഴിയുകയുള്ളൂവെന്നുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ടവറുകള്‍ സ്ഥാപിക്കുന്ന കാര്യത്തിലും ഈ അനുമതി വേണ്ടിവരും.