പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന് ഡിസിസി നേതൃത്വത്തിൻ്റെ ആവശ്യം. ഇത്തരമൊരു ആവശ്യം കെപിസിസിയുടെ ശ്രദ്ധയിപ്പെടുത്തിയതിൻ്റെ കാരണങ്ങളും ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് സാധ്യത തെളിഞ്ഞത് മുതൽ ആരംഭിച്ചതാണ് പാലക്കാട്ടെ കോൺഗ്രസിനകത്തെ തർക്കം. ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെ പാലക്കാട് എത്തിക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ, ജില്ലയിൽ നിന്ന് തന്നെ ഒരു സ്ഥാനാർത്ഥി വേണമെന്നാണ് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയടക്കം ആവശ്യം.
രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായി എത്തുന്നതിനെ എതിർക്കാൻ കാരണമായി ജില്ലാ നേതാക്കൾ ഉയർത്തുന്നത് രണ്ട് കാര്യങ്ങളാണ്. അതിൽ പ്രധാനം ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയുടെ വിജയസാധ്യത സംബന്ധിച്ച ആശങ്കയാണ്. മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ധീൻ, ആലത്തൂർ എംപിയായിരുന്ന രമ്യാ ഹരിദാസ് എന്നിവർക്ക് മാത്രമാണ് ജില്ലയ്ക്ക് പുറത്ത് നിന്ന് എത്തി പാലക്കാട് വിജയിക്കാൻ സാധിച്ചിട്ടുള്ളതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇവരല്ലാതെ ജില്ലയ്ക്ക് പുറത്ത് നിന്നെത്തി യുഡിഎഫ് ലേബലിൽ ആരും പാലക്കാട് മത്സരിച്ച് ജയിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഉദാഹരണത്തിനായി പാലക്കാട് പരാജയപ്പെട്ട നേതാക്കളുടെ നീണ്ടൊരുപട്ടിക തന്നെ ഇവർക്ക് മുന്നോട്ട് വയ്ക്കാനുണ്ട്. എംവി രാഘവൻ, എം പി വീരേന്ദ്ര കുമാർ, കെ പി അനിൽകുമാർ, എം ഐ ഷാനവാസ്, സതീശൻ പാച്ചേനി, പന്തളം സുധാകരൻ, ചെല്ലമ്മ ടീച്ചർ, വി എസ് ജോയ്, ഷാനിമോൾ ഉസ്മാൻ, സി എൻ വിജയകൃഷ്ണൻ, റിയാസ് മുക്കോളി തുടങ്ങി ഒട്ടേറെ പേരാണ് പാലക്കാട് ജില്ലയിൽ മത്സരിക്കാൻ പുറത്ത് നിന്ന് യുഡിഎഫ് എത്തിച്ചത്. എന്നാൽ ഇവർക്കൊന്നും പാലക്കാട് വിജയിക്കാനായിരുന്നില്ല.