തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചു. സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ആകെ 499 പത്രികകളാണ് ഇതുവരെ ലഭിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടന്നു. ഏപ്രിൽ എട്ടിനാണ് നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയ്യതി. ഇതോടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. ഏറ്റവുമധികം സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്. 22 സ്ഥാനാത്ഥികളാണ് ഇവിടെ മാത്രം പത്രിക സമർപ്പിച്ചിട്ടുള്ളത്. ഏറ്റവും കുറവ് പത്രികകൾ ലഭിച്ചത് ആലത്തൂർ ലോകസഭാ മണ്ഡലത്തിലാണ്. 8 പത്രികകൾ മാത്രമാണ് ഇവിടെ ലഭിച്ചത്. മാർച്ച് 28 നാണ് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയത്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച മാത്രം 252 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.