ഡല്‍ഹി: മധ്യപ്രദേശില്‍ ഈദുല്‍ അദ്ഹ ആഘോഷത്തിനിടെ ബീഫ് കൊണ്ടുപോയെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രണ്ട് പേരെ ആക്രമിച്ചു. സിഹാദ ഗ്രാമത്തില്‍ നിന്ന് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇംലിപുരയില്‍ നിന്ന് ഇറച്ചിയുമായി വരുമ്പോഴാണ് സംഭവം.
ഖാണ്ഡവയിലെ പോളിടെക്നിക് കോളേജിന് സമീപം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി. ആരോപണം നിഷേധിച്ച് തങ്ങള്‍ ആട്ടിറച്ചി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്യുകയായിരുന്നു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നതിനിടെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ”ഖണ്ട്വയിലെ അറവുശാലകളില്‍ ഭരണകൂടം കര്‍ശനമായ ജാഗ്രത പുലര്‍ത്തുന്നു, ഇവിടെ ബീഫ് ലഭിക്കില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നഗരത്തിന്റെ അന്തരീക്ഷം നശിപ്പിക്കാന്‍ ചില സംഘടനകള്‍ ഗൂഢാലോചന നടത്തുകയാണ്.’ സിറ്റി ഖാസി (മജിസ്ട്രേറ്റ് അല്ലെങ്കില്‍ ശരിയ കോടതി ജഡ്ജി) സയ്യിദ് നിസാര്‍ പറഞ്ഞു.
”മുസ്ലീം സമുദായത്തില്‍ നിന്നുള്ള ചിലര്‍ കാണാന്‍ വന്നിരുന്നു. അവര്‍ ഒരു വീഡിയോ കാണിച്ചു. ഞങ്ങള്‍ വീഡിയോ സിഎസ്പിക്കും സ്റ്റേഷന്‍ ചുമതലയുള്ളവര്‍ക്കും കൈമാറിയിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളും വിലയിരുത്തുകയും അതിനെ കുറിച്ച് വരാനിരിക്കുന്ന വസ്തുതകളില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.’ എസ്പി സത്യേന്ദ്ര ശുക്ല പറഞ്ഞു.