കടുത്തുരുത്തി: കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണം ദുർചെലവുകളും ശരിയായ ധനമാനേജ്മെൻറ് ഇല്ലാത്തതും ആണെന്ന് പ്രൊഫ. മേരി ജോർജ് അഭിപ്രായപ്പെട്ടു. സമീക്ഷ സാംസ്കാരിക സമിതി കടുത്തുരുത്തിയിൽ നടത്തിയ സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. പതിനഞ്ചാം ധനകാര്യ കമ്മീഷൻ, കേന്ദ്ര വിഹിതം നൽകുന്നതിന് 2011 ലെ സെൻസസിനെ അടിസ്ഥാനമാക്കിയപ്പോൾ തന്നെ സാധാരണ കിട്ടിക്കൊണ്ടിരുന്ന കേന്ദ്ര വിഹിതത്തിൽ കുറവു വരുമെന്ന് മനസിലാക്കി, കേരളത്തിൻറെ സവിശേഷ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ ആവിഷ്കരിച്ചു കേന്ദ്ര വിഹിതം നേടിയെടുക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് നിന്നും ഉണ്ടായില്ല. സമയബന്ധിതമായി ഓഡിറ്റ് നടത്തി കണക്കുകൾ സമർപ്പിക്കുന്നതിലും അലംഭാവം ഉണ്ടായി. എന്നുമാത്രമല്ല, കേരളത്തിൻറെ റവന്യൂ വരുമാനത്തിന്റെ 24 ശതമാനത്തോളം നികുതി പിരിച്ചെടുക്കാതെ കിടക്കുകയാണ്. ഇതും കേന്ദ്ര വിഹിതം കുറയുന്നതിന് ഇടയാക്കി. പരമാവധി കടമെടുത്തതോടെ റവന്യൂ ചെലവും റവന്യൂ വരുമാനവും തമ്മിലുള്ള അന്തരം വർദ്ധിച്ചു. ഇതോടൊപ്പം അനാവശ്യ ദുർചെലവുകളും കൂടിയായപ്പോൾ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. സമീക്ഷ പ്രസിഡന്റ് അഡ്വ. പി.പി.ജോർജിൻറെ അദ്ധ്യക്ഷതയിൽ നടന്ന സംവാദത്തിൽ ഡിജോ കാപ്പൻ, ഡോ. ബെന്നി ജോർജ്, പീറ്റർ മ്യാലിപറമ്പിൽ, പി.ജെ.തോമസ്, ലൂക്കോസ് നീലംപേരൂർ, കെ.കെ.ശശാങ്കൻ, ജോർജ് മുല്ലക്കര, സണ്ണി ജോസഫ്, എം.ടി.തോമസ്, എം.എം.സ്കറിയ, ഗ്രെയ്സൺ തോമസ്, കെ.എസ്. സോമശേഖരൻ നായർ, ഡെറിക് തോമസ്, സി.എസ്.ജോർജ് തുടങ്ങിയവർ പങ്കെടുത്തു
സാമ്പത്തിക പ്രതിസന്ധിക്കു കാരണം ദുർചെലവും ധനമാനേജ്മെൻറിൻറെ അഭാവവും: പ്രൊഫ.ഡോ. മേരി ജോർജ്
