ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ച ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തേക്ക് വിലക്ക്. വിലക്ക് 2023 ജനുവരി 3 മുതൽ തുടങ്ങും. ഡിസംബർ മാസത്തിൽ പരിശോധനയ്ക്കായി ദ്യുതി നൽകിയ സാമ്പിളിലാണ് എസ്എആർഎം കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 5, 26 തീയതികളിൽ നാഡ ഉദ്യോഗസ്ഥർ ദ്യുതിയുടെ സാമ്പിൾ ശേഖരിച്ചിരുന്നു.
ആദ്യ സാമ്പിളിൽ ആൻഡ്രിൻ, ഓസ്റ്റാറിൻ, ലിംഗാൻഡ്രോൾ എന്നിവ കണ്ടെത്തിയപ്പോൾ രണ്ടാമത്തെ സാമ്പിളിൽ ആൻഡ്രിൻ, ഓസ്റ്റാറിൻ എന്നിവയും കണ്ടെത്തി. വിലക്ക് നിലവില്‍ വന്ന കാലയളവു മുതല്‍ ദ്യുതി പങ്കെടുത്ത മത്സരങ്ങളിലെ ഫലങ്ങളും മെഡലുകളും അസാധുവായി പ്രഖ്യാപിക്കുമെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി അധ്യക്ഷ ചൈതന്യ മഹാജന്‍ പറഞ്ഞു. അതേസമയം ഉത്തേജക വിരുദ്ധ പാനലിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ദ്യുതിക്ക് 21 ദിവസത്തെ സമയമുണ്ട്. 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയിലെ വേഗമേറിയ താരമാണ് ദ്യുതി. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിലും 200 മീറ്ററിലും ഇരട്ട വെള്ളി മെഡൽ ജേതാവാണ്. നേരത്തെ 2013ൽ പൂനെയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. 2017ൽ ഭുവനേശ്വറിൽ വെങ്കലവും നേടിയിട്ടുണ്ട്. 2016 ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ദ്യുതി വെള്ളി മെഡലും നേടിയിരുന്നു.