തൃശൂർ: തൃശൂരിൽ രണ്ടിടത്തായി വൻ ലഹരി മരുന്നുവേട്ട. യുവാക്കളിൽ നിന്നും കോടികൾ വിലവരുന്ന ലഹരിവസ്തുക്കൾ പരിശോധനയ്ക്കിടെ കണ്ടെടുത്തു. പുത്തൂർ സ്വദേശി അരുണും കോലഴി സ്വദേശി അഖിലുമാണ് പിടിയിലായത്. ആഡംബര കാറിൽ കടത്തിയ 3.75 കോടി രൂപ വില വരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും 2 ലക്ഷം രൂപയുമായാണ് പിടികൂടിയത്.തൃശൂർ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും പീച്ചി പോലീസും ചേർന്ന് കുതിരാനിൽ വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കൊടുങ്ങല്ലൂരിൽ സിന്തറ്റിക് ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ തൃശൂർ റൂറൽ ഡാൻസാഫ് ടീമും, കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടി. എടവിലങ്ങ് സ്വദേശികളായ പുന്നക്കാപമ്പിൽ ശിവകൃഷ്ണ (21), പറക്കാട്ട് വീട്ടിൽ അഭിനവ് (21) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണിവരെന്നും മേഖലയിൽ വിൽപ്പന നടത്താനായി കൊണ്ടുവന്നതാണ് പിടികൂടിയ എം.ഡി.എം.എയെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിൽ പ്രതികൾ ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് വിവരം ലഭിച്ചു. പ്രതികൾ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.