കോട്ടയം: ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയാൻ കോട്ടയം ജില്ലയിൽ വ്യാപക പരിശോധന. രണ്ട് ദിവസം നടന്ന സ്പെഷ്യൽ ഡ്രൈവിൽ 161 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു പരിശോധന.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്പെഷ്യൽ ഡ്രൈവിൽ എൻഡിപിഎസ് ആക്ട് പ്രകാരം 15 കേസും, മദ്യപിച്ചും, അലക്ഷ്യമായും വാഹനമോടിച്ചതിന് 146 കേസുകളും ഉൾപ്പെടെ 161കേസുകൾ രജിസ്റ്റർ ചെയ്തു. വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലോഡ്ജുകൾ, ഹോംസ്റ്റേകൾ, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ 228 ഇടങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ ഒളിവിൽ കഴിഞ്ഞിരുന്ന 149 പേരെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിച്ചു. മുന്‍ കേസുകളിലുളള 55 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.