ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍

Kerala

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്റെ എറണാകുളം മധ്യമേഖല ഓഫീസില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ലഹരി വസ്തുക്കള്‍ വാങ്ങുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനു പങ്കാളികളെ ശല്യം ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു വരുന്നുണ്ട്.

അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജവം പുതു തലമുറയിലെ പെണ്‍കുട്ടികള്‍ നേടിയിട്ടുണ്ട്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തില്‍ നിന്നും തുടച്ചുനീക്കപ്പെടേണ്ടതാണെന്നും ശാസ്ത്ര ബോധവും യുക്തിചിന്തയ്ക്കുമൊപ്പം വ്യക്തികള്‍ തമ്മില്‍ പരസ്പര സ്‌നേഹവും വിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ സുഖകരമായ കുടുംബ ജീവിതം ഉണ്ടാകുവെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

യുവ ദമ്പതികളെ പോലെ മുതിര്‍ന്ന ദമ്പതികള്‍ക്കിടയിലും കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നുണ്ട്. വിവാഹം കഴിഞ്ഞ് 40 വര്‍ഷമായ ദമ്പതികളുടെ പരാതി കമ്മിഷനു ലഭിച്ചു. ഭര്‍ത്താവില്‍ പരസ്ത്രീ ബന്ധം ആരോപിക്കുന്ന നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലാതല അദാലത്തില്‍ അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ആകെ 18 കേസുകളാണ് പരിഗണിച്ചത്.

കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി എന്നിവര്‍ കേസുകള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സിലര്‍ ടി.എം. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *