പ്രതിഷേധങ്ങൾക്ക് തൽക്കാലം വിട; ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

Kerala

തിരുവനന്തപുരം: വിവാദങ്ങൾക്ക് താൽക്കാലിക ബ്രേക്കിട്ട് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും. പരിഷ്കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പിന്മാറിയതാണ് ഗതാഗത വകുപ്പിന് ആശ്വാസമായത്. കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ നിശ്ചലമായിരുന്നു. പുതുക്കിയ പരിഷ്കാരവുമായി മുന്നോട്ട് തന്നെയെന്ന് സർക്കാരും പരിഷ്കാരം അനുവദിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ യൂണിയനുകളും നിലപാട് എടുത്തതോടെയാണ് ട്രാക്കുകളിൽ പ്രതിഷേധം പുകഞ്ഞത്.

എതിർപ്പ് കനത്തതോടെ വിവാദത്തിന്റെ നട്ട് അൽപ്പം ലൂസാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. പരിഷ്കാരങ്ങളിൽ ഇളവുകൾ തയ്യാറാക്കി. ഇതോടെയാണ് താത്കാലികമായി സമരം അവസാനിപ്പിക്കാൻ സിഐടിയു അടക്കമുള്ള സംഘടനകൾ തീരുമാനിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചർച്ച നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം നിര്‍ത്തിവെച്ച് സിഐടിയു. തിങ്കളാഴ്ച്ച മുതല്‍ ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു. നിര്‍ദേശങ്ങളില്‍ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ആണ് പിന്മാറ്റം. കടുംപിടുത്തത്തില്‍ ഗതാഗത വകുപ്പ് അയവ് വരുത്തിയതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സിഐടിയു തീരുമാനിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിച്ചുള്ള സമരം അവസാനിപ്പിച്ചെങ്കിലും ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച തുടരും. ഈ മാസം 23 സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉള്‍പ്പെടെ സമരം നടത്താനാണ് സിഐടിയുവിന്റെ തീരുമാനം.

നേരത്തെ പരിഷ്‌കരണത്തില്‍ ഇളവ് വരുത്തിക്കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു. പ്രതിദിന ലൈസന്‍സ് ടെസ്റ്റുകളുടെ എണ്ണം 30 ല്‍ നിന്നും 40 ആക്കി ഉയര്‍ത്തി. ഇതില്‍ 25 പേര്‍ ആദ്യമായി ടെസ്റ്റിന് എത്തുന്നവര്‍ ആയിരിക്കും. റീ ടെസ്റ്റിന് വരുന്ന 10 പേര്‍ക്കും അവസരം നല്‍കും. വിദേശത്ത് പോകുന്ന അഞ്ചുപേര്‍ക്കും പ്രതിദിനം ടെസ്റ്റ് നടത്തും. വിദേശത്ത് പോകുന്ന അഞ്ചുപേര്‍ ഹാജരാകുന്നില്ലെങ്കില്‍ ലേണേഴ്സ് കാലാവധി കഴിഞ്ഞ അഞ്ച് പേരെ പരിഗണിക്കും. ഇതിനു പുറമെ നിലവിലെ പല നിബന്ധനകളും നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *