തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. യുജിസി ചട്ടം ലംഘിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയെന്നും മന്ത്രി ബിന്ദു പറഞ്ഞു. യുജിസി ചട്ടം പരിഗണിച്ച് സീനിയോറിറ്റി അനുസരിച്ചാകും നിയമനം. പ്രിന്‍സിപ്പല്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല. അന്തിമ പട്ടിക തയ്യാറായിട്ടില്ല. കോടതി വിധി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. പരാതിക്കിടയാകാത്ത രീതിയില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നീതിനിഷേധം ഉണ്ടാകാതിരിക്കാനാണ് ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.
’55 പേരുടെ ഒഴിവിലേക്ക് 67 പേരുടെ ലിസ്റ്റാണ് ആദ്യം തയ്യാറാക്കിയത്. 2019 ലാണ് യുജിസിയുടെ ചെയർ ലിസ്റ്റ് വന്നത്. അതിന് മുൻപുള്ള പ്രസിദ്ധീകരണങ്ങൾ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ പേരിലാണ് പട്ടികയിൽ നിന്ന് പേരുകൾ തള്ളിപ്പോയത്. 43 പേരുടെ പട്ടികയാക്കി പ്രിൻസിപ്പൽ പട്ടിക ചുരുക്കി. ഒഴിവാക്കപ്പെട്ടവർ പരാതിയുമായി രംഗത്ത് വന്നു. മന്ത്രിയെന്ന നിലയിൽ തനിക്കും പരാതികൾ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ മന്ത്രി ബിന്ദു ഇടപെട്ടുവെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്. പി എസ് സി അംഗം കൂടി ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ച അന്തിമപട്ടികയില്‍ നിന്ന് തല്‍ക്കാലം നിയമനം നടത്തേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയെന്നാണ് രേഖയിൽ പറയുന്നത്.