ഡോ.ഷഹനയുടെ മരണം; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

Breaking Kerala

കൊച്ചി: സ്ത്രീധനം ആവശ്യപ്പെട്ടതിന്‍റെ പേരില്‍ യുവ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഇന്ന് നിലപാട് അറിയിക്കും. സ്ത്രീധന നിരോധന നിയമം ചുമത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് റുവൈസ്.
തിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് റുവൈസ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചതിന്റെ പ്രതികാരമായാണ് തന്നെ പ്രതിയാക്കിയത് എന്നായിരുന്നു റുവൈസിന്റെ ഒരു വാദം. എന്നാല്‍ പ്രതികാര നടപടിയാണ് അറസ്റ്റ് എന്ന് പറയാനാവില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
സ്ത്രീധനം ഒരു കാരണവശാലും ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീധന നിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സര്‍ക്കാരിന് പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഡോ. ഇ എ റുവൈസ്.

Leave a Reply

Your email address will not be published. Required fields are marked *