യുവഡോക്ടർ ജീവനൊടുക്കിയത് കാമുകന്‍ അവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാനാവാതെ

Breaking Kerala

തിരുവനന്തപുരത്ത് യുവഡോക്ടര്‍ ജീവനൊടുക്കാന്‍ കാരണം കാമുകനും വീട്ടുകാരും ആവശ്യപ്പെട്ട വന്‍ സ്ത്രീധനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പി.ജി.വിദ്യാര്‍ഥിനി ഡോ. ഷഹന(26) ഇന്നലെയാണ് ജീവനൊടുക്കിയത്. ഷഹനയോട് കാമുകനും വീട്ടുകാരും 150 പവന്‍ സ്വര്‍ണം, 15 ഏക്കര്‍ ഭൂമി, ബിഎംഡബ്ല്യൂ കാര്‍ എന്നിവയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇതു കൊടുക്കാനുള്ള സാമ്ബത്തികം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇല്ലായിരുന്നു. തുടര്‍ന്ന് 50 പവന്‍, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര്‍ അറിയിച്ചു.

ഇതു സ്വീകാര്യമല്ലാത്ത കാമുകനും വീട്ടുകാരും വിവാഹത്തിന് സമ്മതമല്ലെന്ന് അറിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. ഇത്രയും നാള്‍ സ്‌നേഹിച്ച വ്യക്തി തന്നെ കൈവിട്ടു എന്ന കാര്യം ഷഹനയെ മാനസികമായി തകര്‍ത്തു കളഞ്ഞെന്ന് കുടുംബം ആരോപിച്ചു.

‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്,എല്ലാത്തിലും വലുത് പണമാണ്’ എന്ന നൊമ്ബരകുറിപ്പും ബാക്കിവച്ചാണ് ഷഹന യാത്രയായത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയില്‍ മരുന്നു കുത്തിവച്ച്‌ അബോധാവസ്ഥയില്‍ കിടക്കുന്ന ഷഹനയെ കാണുന്നത്.

ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി ജി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ ഡോക്ടര്‍ക്കെതിരെയാണ് കുടുംബം പരാതി ഉയര്‍ത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുല്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹന. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പിജി ക്ക് പ്രവേശനം നേടിയത്. രണ്ടുവര്‍ഷം മുമ്ബാണ് ഷഹന പിതാവ് അബ്ദുല്‍ അസീസ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *