ഇന്ന് ദീപാവലി. ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ് ദീപാവലി. അന്ധതയ്ക്ക് മേൽ ദീപങ്ങളുടെ പൊൻ വെളിച്ചം വീശി നന്മ ഉണ്ടാകട്ടെ എന്നാണ് ഈ ദിനം ഓർമിപ്പിക്കുന്നത്. മൺചെരാതുകൾ തെളിച്ചും മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമൊക്കെ ദീപാവലി ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് നാടും നഗരവും.
ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം അഞ്ച് നാളുകൾ നീളുന്നുവെങ്കിൽ ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ അഞ്ച് നാളുകൾക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്. മരണത്തിന് മേൽ ഇച്ഛാശക്തി നേടുന്ന വിജയത്തിൻറെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്.