അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ജില്ലാ ആശുപത്രി: ബുദ്ധിമുട്ടി ജനങ്ങൾ

Uncategorized

പെരിന്തൽമണ്ണ : ദേശീയപാതയ്ക്ക് അരികിലാണെന്നത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പ്രാധാന്യമേറ്റുന്നു. എന്നാൽ അടിയന്തരമായി ഇതിനായി ഒരുക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഏറ്റവുംപ്രധാനം ആധുനിക സംവിധാനങ്ങളോടെയുള്ള അടിയന്തര ശസ്ത്രക്രിയാമുറി (എമർജൻസി ഓപ്പറേഷൻ തീയേറ്റർ) യാണ്. ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന പഴയബ്ലോക്കും പുതിയ ബ്ലോക്കും തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപ്പാതയും അത്യാവശ്യമാണ്. പരിമിതികൾക്കുള്ളിലും ജോലിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്‌സിങ് ജീവനക്കാർക്കും വിശ്രമത്തിനുള്ള സൗകര്യങ്ങളും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനവും വേണ്ടതാണ്.

എമർജൻസി ഓപ്പറേഷൻ തിയേറ്റർ അത്യാവശ്യം

ജില്ലാ ആശുപത്രിയിൽഎമർജൻസി ഓപ്പറേഷൻ തിയേറ്റർ (അടിയന്തര ശസ്ത്രക്രിയാ മുറി). ഇല്ലെന്നത് ഗൗരവമേറിയ വിഷയമാണെന്ന് അധികൃതർക്ക് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. ഇതില്ലാത്തതിനാൽ പല രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് വിടേണ്ടിവരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് അന്നുരാത്രിയോ പിറ്റേന്നോ മുറിവിൽ രക്തസ്രാവത്തിന് സാധ്യത കൂടുതലാണ്. ഇങ്ങനെയുണ്ടായാൽ ഉടൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി രക്തസ്രാവം നിർത്തിയില്ലെങ്കിൽ മരണത്തിനുവരെ കാരണമായേക്കും.

എന്നാൽ ജില്ലാ ആശുപത്രിയിൽ നിലവിലെ അവസ്ഥയിൽ ഇങ്ങനെ ഒരു തിയേറ്റർ ഇല്ല. കാരണം ഓരോ ദിവസത്തെയും സർജറികൾ ഓരോ വിഭാഗത്തിനായി നേരത്തെ മാറ്റിവെച്ചിട്ടുള്ളതാണ്. ഒരുദിവസം തൊണ്ടയിൽ ഓപ്പറേഷൻ ചെയ്ത രോഗിക്ക് അന്നുരാത്രി രക്തസ്രാവമുണ്ടായാൽ ഈ തിയേറ്റർ ഉപയോഗിക്കാനാവില്ല. തിയേറ്റർ പിറ്റേന്നത്തെ പ്രസവ ഓപ്പറേഷനുകൾക്കായി ഒരുക്കിവെച്ചിട്ടുണ്ടാകും.

ഉപകരണങ്ങളും സജ്ജീകരണങ്ങളും എല്ലാം ആരീതിയിലായിരിക്കും. ദേശീയപാതയോരത്തായതിനാൽ വാഹന അപകടങ്ങളിൽപ്പെട്ടവർക്കും അടിയന്തര ചികിത്സ ലഭ്യമാക്കാൻ എമർജൻസി ഓപ്പറേഷൻ തിയേറ്ററുണ്ടെങ്കിൽ സാധിക്കും.

എന്നാൽ എമർജൻസി തിയേറ്റർ പ്രവർത്തിക്കാൻ അനസ്തേഷ്യോളജിസ്റ്റ് അടക്കം ഡോക്ടർമാരും അതിന് അനുബന്ധ നഴ്‌സിങ്, ശുചീകരണ ജീവനക്കാരും വേണം. പലപ്പോഴും ഇതില്ലാത്തതുകൊണ്ടാണ് അടിയന്തര ഓപ്പറേഷൻ തിയേറ്റർ തുടങ്ങാത്തതെന്നാണ് കാരണമായി പറയുന്നത്. എന്നാൽ മുൻപ് ഇത്രയും ജീവനക്കാരില്ലാതിരുന്നപ്പോളും എമർജൻസി ഓപ്പറേഷൻ തിയേറ്റർ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നു.

ജീവനക്കാർക്കും വേണം അടിസ്ഥാന സൗകര്യങ്ങൾ

ആശുപത്രിയിലെ ഏഴോളം സ്പെഷ്യാലിറ്റികൾ പ്രവർത്തിക്കുന്നത് ഒരു ഡോക്ടർ മാത്രമായിട്ടാണ്. എല്ലുരോഗം, ജനറൽ മെഡിസിൻ വിഭാഗങ്ങളിൽ ദിവസം ഒ.പി. യിൽ നൂറ്റൻപതോളം രോഗികളെയാണ് ഒരു ഡോക്ടർ പരിശോധിക്കേണ്ടി വരുന്നത്. ഒരു മിനിറ്റിനുള്ളിൽ പരിശോധനയും രോഗനിർണയവും മരുന്നെഴുതലും നടത്തേണ്ട അവസ്ഥയാണ്.

ഒ.പി.യിലെ പരിശോധനയ്ക്കൊപ്പം ഓപ്പറേഷൻ കഴിഞ്ഞവരടക്കം അഡ്മിറ്റിലുള്ള രോഗികളെയും നോക്കണം. ഇതിനിടെ പ്ലാസ്റ്റർ ഇടാനും പോസ്റ്റുമോർട്ടത്തിനും പോകേണ്ടി വരുന്നു. അടിയന്തര ആവശ്യത്തിനായി ഈ ഡോക്ടർ അവധിയെടുക്കുകയോ രാത്രി ഡ്യൂട്ടിക്കുശേഷം വിശ്രമം എടുക്കുകയോ ചെയ്താൽ ആ ഡോക്ടറുടെ ഒ.പി. പ്രവർത്തിക്കില്ല.

വന്നുമടങ്ങിയ രോഗികളെ പിറ്റേന്ന് പരിശോധിക്കുമ്പോൾ ഇതിന്റെ അമർഷവും ഡോക്ടർ കേൾക്കേണ്ടി വരുന്നു. ഇത്തരം സമ്മർദ്ദങ്ങൾക്കിടയിൽ വിശ്രമിക്കാനുള്ള സൗകര്യമില്ലാതെയാണ് ഡോക്ടർമാർ ജോലിയെടുക്കുന്നത്.

ഡോക്ടർമാർക്കും പരിശീലനത്തിനും ഹൗസ് സർജന്മാരായി വരുന്നവർക്കുമടക്കം പഴയബ്ലോക്കിൽ ഒരു വിശ്രമുറിയാണുള്ളത്. വനിതകൾക്ക് ശാരീരിക പ്രയാസങ്ങളുണ്ടാകുമ്പോൾ കിടക്കാൻപോലും ഇവിടെ സൗകര്യമില്ല. ആശുപത്രിയിലെ നിലവിലെ നഴ്‌സുമാർ അനുഭവിക്കുന്ന പ്രയാസങ്ങളും ചെറുതല്ല. എണ്ണത്തിൽ കുറവായതിനാൽ ജോലിഭാരം കൂടുതലാണ്.

ഉള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചാലും പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന വാർഡുകളാണെന്നതാണ് ജോലിഭാരം കൂടുന്നതിന് പ്രധാനകാരണം. അൻപത് പേരെയെങ്കിലും പ്രവേശിക്കാവുന്ന വലിയ ഒരുവാർഡ് പോലും ആശുപത്രിയിലില്ല. ഉള്ള വാർഡുകളിൽ രണ്ട് ഭാഗത്തായി 26-ഓളം കിടക്കകളേ ഇടാനാവൂ.
രോഗി രണ്ടുപേരായാലും അവരെ ശുശ്രൂഷിക്കാൻ ഒരു നഴ്‌സ് വേണം. പലയിടത്തായി നിയോഗിക്കുമ്പോൾ ആളെ തികയാതെ വരും. പലപ്പോളും ഓപ്പറേഷൻ തിയേറ്ററിലെ നഴ്‌സുമാരെക്കുറിച്ചാണ് ഇത് മറികടക്കുന്നത്.

റോഡ് കടക്കാൻ മേൽപ്പാത വേണം

ദേശീയപാതയുടെ ഇരുവശങ്ങളിലുമായാണ് ജില്ലാ ആശുപത്രിയുടെ പഴയബ്ലോക്കും പുതിയ മാതൃ-ശിശു ബ്ലോക്കുമുള്ളത്. ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് മാതൃ-ശിശു ബ്ലോക്കിലാണ്. ഇവിടെ ഡോക്ടറെക്കണ്ടതിനുശേഷം കൈക്കുഞ്ഞുങ്ങളുമായി തിരക്കേറിയ ദേശീയപാത മുറിച്ചുകടന്നുവേണം ഫാർമസിയും എക്സ്‌റേ അടക്കമുള്ളവയും പ്രവർത്തിക്കുന്ന പഴയബ്ലോക്കിലെത്താൻ.

പരിശോധനാ റിപ്പോർട്ട് ഡോക്ടറെ കാണിക്കാൻ വീണ്ടും റോഡ് കടക്കണം. മരുന്ന് വാങ്ങാൻ തിരിച്ചും. രോഗത്താൽ അവശരായവരും കൂടെയുള്ളവരും റോഡ് മുറിച്ചുകടക്കുന്നത് ജീവൻ പണയംവെച്ചാണ്.

സീബ്രാ വരയുണ്ടെങ്കിലും തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾ ഭീഷണിയാണ്. ജീവനക്കാരടക്കം ഇതേ പ്രയാസം അനുഭവിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് പഴയബ്ലോക്കിൽനിന്ന്‌ പുതിയ ബ്ലോക്കിലേക്ക് മേൽപ്പാതയോ അടിപ്പാതയോ അത്യാവശ്യമാണ്. ഇതിനായി ദേശീയപാതാ വിഭാഗം പ്രാഥമിക നടപടികൾ തുടങ്ങിയിരുന്നെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *