കൊച്ചി : കുട്ടിയ്ക്ക് പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ പേര് നിർദ്ദേശിച്ച് ഹൈക്കോടതി.ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന് പേര് നൽകിയിരുന്നില്ല. പിന്നീട് കുട്ടിയെ സ്കൂളിൽ ചേർക്കേണ്ട സമയമായപ്പോൾ പേരില്ലാതെ സ്‌കൂളിൽ ചേർക്കാനാവില്ല എന്നായിരുന്നു സ്‌കൂൾ അധികൃതരുടെ നിലപാട്. പുണ്യ നായർ എന്ന പേര് നൽകാനായിരുന്നു അമ്മയുടെ തീരുമാനം. പദ്മ നായർ എന്ന പേര് നൽകണമെന്ന് കുട്ടിയുടെ അച്ഛനും നിലപാട് എടുത്തു. അനുകൂല തീരുമാനമെടുക്കാൻ കുട്ടിയുടെ അച്ഛന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കുടുംബ കോടതിയെ സമീപിച്ചു.
ആലുവ മുനിസിപ്പാലിറ്റിയിലെത്തി ജനന സർട്ടിഫിക്കറ്റ് നേടാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നായിരുന്നു കുടുംബ കോടതിയുടെ നിർദ്ദേശം.കുട്ടി അമ്മയുടെ സംരക്ഷണയിലാണ് വളരുന്നത്. അതിനാൽ അമ്മ നിർദ്ദേശിക്കുന്ന പേരിന് അർഹമായ പ്രാധാന്യം നൽകണം. കുട്ടിയുടെ പിതൃത്വത്തിലും തർക്കമില്ല. ഈ സാഹചര്യത്തിൽ അച്ഛന്റെ പേര് കൂടി ചേർക്കാം. അമ്മ നിർദ്ദേശിച്ച പുണ്യ എന്ന പേരിനൊപ്പം അച്ഛന്റെ ബാലഗംഗാധരൻ നായർ എന്ന പേര് കൂടി കോടതി നിർദ്ദേശിച്ചു. കുട്ടിയുടെ പേര് പുണ്യ ബി നായർ എന്നാക്കണമെന്ന അമ്മയുടെ നിർദ്ദേശം കോടതി അംഗീകരിച്ചു. തുടർന്ന് ആലുവ നഗരസഭാ ജനന മരണ രജിസ്ട്രാറെ സമീപിച്ച് അപേക്ഷ നൽകാനും നിർദ്ദേശിച്ചു. ‘രാജ്യത്തിന്റെ രക്ഷകർത്താവ്’ എന്ന അധികാരമുപയോഗിച്ചാണ് ഹൈക്കോടതിയുടെ നടപടി.