കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വിദ്യാർത്ഥികളില്‍ നിന്ന് വൻതുക തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥാപന ഉടമ അറസ്റ്റില്‍.കോഴിക്കോട് പാളയത്തെ ഗ്ലോബല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരാമെഡിക്കല്‍ സയൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ എറണാകുളം സ്വദേശി ശ്യാംജിത്തിനെയാണ് കസബ പൊലീസ് പിടികൂടിയത്. വ്യാജ കോഴ്സ് നടത്തി ഇയാള്‍ വിദ്യാർത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഡയാലിസിസ് ടെക്‌നോളജി, റേഡിയോളജി ഡിപ്ലോമ കോഴ്‌സുകളാണ് ആരോഗ്യ സർവകലാശാലയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥാപനത്തില്‍ നടത്തിയിരുന്നത്. 1.20ലക്ഷം രൂപയായിരുന്നു ഫീസ്. മൂന്ന് വർഷത്തെ കോഴ്‌സിന് 65 കുട്ടികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കുന്നത്. രണ്ട് സെമസ്റ്റർ പരീക്ഷകളും നടത്തി. ഈ സർട്ടിഫിക്കറ്റുമായി വിദ്യാർത്ഥികള്‍ ഇന്റേണ്‍ഷിപ്പിനായി ആശുപത്രികളെ സമീപിച്ചതോടെയാണ് അതിന് അംഗീകാരം ഇല്ലെന്ന് തിരിച്ചറിഞ്ഞത്.
ഫീസും സര്‍ട്ടിഫിക്കറ്റുകളും തിരികെ ആവശ്യപ്പെട്ട് സ്ഥാപനത്തെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.