ദിലീപ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘തങ്കമണി’ക്ക് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നാളത്തേക്ക് മാറ്റി. ഇതോടെ ചിത്രം നാളെ തന്നെ റിലീസ് ചെയ്യും.ഇടുക്കി തങ്കമണിയില്‍ 1986ലുണ്ടായ സംഭവം പ്രമേയമാക്കി എത്തുന്ന സിനിമയായ ‘തങ്കമണി’യുടെ റിലീസ് വിലക്കണമെന്ന ഹർജിയില്‍ അടച്ചിട്ട മുറിയില്‍ രഹസ്യവാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം.
സെൻസർ ബോർഡ് അനുമതി നല്‍കിയ സാഹചര്യത്തില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് സിനിമയ്ക്കു പിന്നിലുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകും എന്ന കേന്ദ്ര സർക്കാർ അഭിഭാഷകൻ സുവിൻ ആർ മേനോൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടച്ചിട്ട മുറിയില്‍ വാദം കേട്ടത്.
ഹർജിയില്‍ സ്റ്റേ ഉത്തരവ് നല്‍കാതിരുന്നതോടെ സിനിമ നേരത്തെ നിശ്ചയിച്ച പോലെ നാളെ തന്നെ റിലീസ് ചെയ്യാം. തങ്കമണിയില്‍ 38 വർഷങ്ങള്‍ക്ക് മുമ്ബ് നടന്ന് ബസ് തടയലും തുടർന്ന് നടന്ന പോലീസ് നരനായാട്ടും ആധാരമാക്കിയെത്തുന്ന ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വിആർ വിജുവാണ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നത്. സിനിമയുടെ ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പോലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ഹർജിയിലെ വാദം.
നാട്ടിലെ പുരുഷന്മാർ വയലില്‍ ഒളിഞ്ഞിരിക്കുന്നതും സ്ത്രീകളെ പോലീസ് മാനംഭംഗപ്പെടുത്തുന്നതും ടീസറില്‍ കാണുന്നുണ്ട്. തങ്കമണിയില്‍ അന്ന് ഇത്തരം സംഭവമുണ്ടായതായി തെളിവോ രേഖകളോ ഇല്ല. തെളിവുകളില്ലാതെ ഇത്തരം സംഭവങ്ങള്‍ നടന്നുവെന്ന് കാണിക്കുന്നത് ‘തങ്കമണി’ ഗ്രാമവാസികളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനിടയാക്കും. പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതും മറ്റൊരാളുടെ കാലുകള്‍ നഷ്ടമായതുമാണ് യാഥാർഥ്യം. വിദ്യാർഥികളും ‘എലൈറ്റ്’ എന്ന സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പില്‍ കലാശിച്ചതന്നും ഹർജിയില്‍ പറയുന്നു.
ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ മലയോര ഗ്രാമമാണ് തങ്കമണി. ഒരു ബസ് സർവീസിനെ ചൊല്ലി വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കം കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. 1986 ഒക്ടോബർ 22നായിരുന്നു പോലീസിന്റെ നരനായാട്ട് തങ്കമണി ഗ്രാമത്തില്‍ അരങ്ങേറിയത്. ഇതേതുടർന്ന്, 1982ല്‍ അധികാരത്തിലേറിയ കെ കരുണാകരന് 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര പരാജയം നേരിടേണ്ടി വരികയായിരുന്നു.
ഈ സംഭവങ്ങളെ ആസ്പദമാക്കിയാണ് രതീഷ് രഘുനന്ദനൻ തങ്കമണി ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
മലയാളത്തിലെയും തമിഴിലെയും വൻ താരനിരയാണ് ചിത്രത്തിലുള്ളത്. നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തില്‍ അജ്മല്‍ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.