ഡീസല്‍ വാഹനങ്ങളുടെ വില കൂടും; 10 ശതമാനം അധിക നികുതി ചുമത്താൻ കേന്ദ്രം

Breaking National

ന്യൂഡല്‍ഹി: ഡീസല്‍ എൻജിൻ വാഹനങ്ങള്‍ക്ക് മലിനീകരണ നികുതിയായി 10 ശതമാനം അധിക ജി.എസ്.ടി ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതമന്ത്രി മന്ത്രി നിതിൻ ഗഡ്കരി.നിര്‍ദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ചൊവ്വാഴ്ച വൈകിട്ടോടെ കൈമാറും. ഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകരണം തടയുന്നതിനും ഇന്ത്യൻ നിരത്തുകളില്‍ കൂടുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

‘ഡീസല്‍ വളരെ അപകടകരമായ ഇന്ധനമാണ്. ഇതില്‍ നിന്നുള്ള വേഗത്തിലുള്ള പരിവര്‍ത്തനമാണ് രാജ്യം ആഗ്രഹിക്കുന്നത്. ഡീസല്‍ ഉപയോഗം കുറക്കാൻ ഓട്ടോമൊബൈല്‍ കമ്ബനികള്‍ തന്നെ മുൻകൈയെടുക്കണം. ഡീസലിനോട് വിട പറഞ്ഞ് അവ നിര്‍മിക്കുന്നത് നിര്‍ത്തണം. അല്ലാത്തപക്ഷം, ഡീസല്‍ വാഹനങ്ങളുടെ വില്‍പന കുറക്കാനായി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കും’- ഗഡ്കരി വ്യക്തമാക്കി. അതേസമയം, മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ആശോക് ലെയ്‌ലാൻഡ് തുടങ്ങിയ കമ്ബനികളുടെ ഓഹരി രണ്ടര മുതല്‍ നാല് ശതമാനം വരെ ഇടിഞ്ഞു. അധികനികുതി ഏര്‍പ്പെടുത്തുന്നതോടെ പുതിയ ഡീസല്‍ വാഹനങ്ങളുടെ വില ഉയരും.

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വലിയ യൂട്ടിലിറ്റി വാഹനങ്ങളും പ്രധാനമായും ഡീസല്‍ എൻജിനിലാണ് ഉപയോഗിക്കുന്നത്. നിലവില്‍ 28 ശതമാനം ജി.എസ്.ടിയാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് ചുമത്തുന്നത്. കൂടാതെ, വാഹനങ്ങള്‍ക്കനുസരിച്ച്‌ ഒരു ശതമാനം മുതല്‍ 22 ശതമാനം വരെ അധിക സെസും ഉണ്ട്.എസ്‌.യു.വികള്‍ക്ക് 28 ശതമാനം ജി.എസ്.ടിക്ക് പുറമെ 22 ശതമാനം നഷ്ടപരിഹാര സെസും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *