ബംഗളുരു: ബംഗളുരുവില്‍ ചേര്‍ന്ന പ്ലീനറി യോഗത്തില്‍ ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.കെ നാണു വിഭാഗം. യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. കൂടാതെ ദേവഗൗഡ വിഭാഗത്തിനെതിരെ സുപ്രീംകോടതിയെ സമീപക്കാനും പ്ലീനറി യോഗം തീരുമാനിച്ചിട്ടുണ്ട്. സമാന്തരയോഗം വിളിച്ച സി.കെ നാണുവിനെ ജെഡിഎസില്‍ നിന്നും കഴിഞ്ഞ ദിവസം ദേവഗൗഡ പുറത്താക്കിയിരുന്നു. ഇതിന് പിറകേയാണ് നാണുവിഭാഗത്തിന്റെ നടപടി ഉണ്ടായിരിക്കുന്നത്.
അതേ സമയം കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും യോഗത്തില്‍ പങ്കെടുത്തില്ല. ജനതാപരിവാര്‍ എന്ന പേരില്‍ ജനതാ പാര്‍ട്ടികളുടെ ഒരു ഐക്യ സിന്‍ഡിക്കറ്റ് രൂപീകരിക്കാനുള്ള രാഷ്ട്രീയ പ്രമേയവും പ്ലീനറി യോഗത്തില്‍ പാസാക്കി. അതേസമയം ദേവഗൗഡ വിഭാഗത്തോടും നാണുവിഭാഗത്തോടും സമദൂരം നയത്തിലാണ് സംസ്ഥാന നേതൃത്വം. സി.കെ നാണു വിഭാഗത്തിന്റെ ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാട് കേരള ഘടകത്തിനുണ്ട്. എന്നാല്‍ സംഘടനാതലത്തില്‍ ഗൗഡ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഭാഗമാണ് എന്നതിനാല്‍ നാണുവിനൊപ്പം ചേരില്ലെന്നാണ് തീരുമാനം.