മുംബൈ: ദിവസങ്ങള്‍ നീണ്ട അനിശ്ചിതാവസ്ഥകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മഹായുതി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകാന്‍ ഏകനാഥ് ഷിന്‍ഡെ സമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും. ഡിസംബര്‍ അഞ്ചിന് മുംബൈയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഫഡ്നാവിസിനും എന്‍സിപി നേതാവ് അജിത് പവാറിനും ഒപ്പം ഷിന്‍ഡെയും സത്യപ്രതിജ്ഞ ചെയ്യും.
രണ്ടു വര്‍ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേനാ തലവന്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴില്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോയി. ഡെല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വം വിളിച്ച യോഗത്തിലും മഞ്ഞ് പൂര്‍ണമായി ഉരുകിയിരുന്നില്ല.
സഖ്യത്തില്‍ എല്ലാം ശുഭമാണെന്നും സത്യപ്രതിജ്ഞാ ചടങ്ങ് ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത് പറഞ്ഞു. ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായി തുടരുമോയെന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മൂന്ന് നേതാക്കളും ഇരുന്ന് സംസാരിച്ചു. ആശയക്കുഴപ്പമൊന്നുമില്ല,’ ഷിര്‍സത്ത് പറഞ്ഞു.