ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരന്തരമായ വെല്ലുവിളികള്‍ കാരണമാണ് അടച്ചുപൂട്ടുന്നതെന്ന് എംബസി അറിയിച്ചു. ഇത് നവംബര്‍ 23ന് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്താവന. സെപ്തംബര്‍ 30 ന് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.
സെപ്തംബര്‍ 30 ന് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം,’ പ്രസ്താവനയില്‍ പറയുന്നു. ഈ നീക്കത്തെ താലിബാനിലേക്ക് കൂറ് മാറിയ നയതന്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഒരു ആഭ്യന്തര സംഘര്‍ഷമായി മുദ്രകുത്താന്‍ ചിലര്‍ ശ്രമിച്ചേക്കാമെന്നത് അറിയാം. പക്ഷേ ഈ തീരുമാനം നയത്തിലും താല്‍പ്പര്യങ്ങളിലുമുള്ള വിശാലമായ മാറ്റങ്ങളുടെ ഫലമാണ്’, എംബസി പറഞ്ഞു.
‘ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാരോട്, ഞങ്ങളുടെ ദൗത്യത്തിന്റെ കാലയളവിലുടനീളം അവരുടെ ധാരണയ്ക്കും പിന്തുണയ്ക്കും എംബസി ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു,’ എംബസി കൂട്ടിച്ചേര്‍ത്തു. പരിമിതികള്‍ ഉണ്ടായിരുന്നിട്ടും കാബൂളില്‍ നിയമാനുസൃതമായ ഒരു ഗവണ്‍മെന്റിന്റെ അഭാവത്തിലും അശ്രാന്തമായി പ്രവര്‍ത്തിച്ചതായും അഫ്ഗാന്‍ എംബസി പറഞ്ഞു.
നേരത്തെ ഒക്ടോബര്‍ ഒന്നിന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി എംബസി പ്രസ്താവന ഇറക്കിയിരുന്നു. ‘അഗാധമായ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ന്യൂ ഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നത്,’ പ്രസ്താവനയില്‍ പറഞ്ഞു.
ആതിഥേയ സര്‍ക്കാരില്‍ നിന്നുള്ള പിന്തുണയുടെ അഭാവം, അഫ്ഗാന്‍ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിലെ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെടുക്കുന്നതെന്നും എംബസി അറിയിച്ചു.
‘ഇന്ത്യയുമായി ദീര്‍ഘനാളത്തെ ബന്ധവും സൗഹൃദവുമാണുള്ളത്. വളരെ ആലോചിച്ചാണ് പ്രയാസകരമായ തീരുമാനത്തിലെത്തിയത്. ആതിഥേയ രാജ്യത്തിന്റെ പിന്തുണയില്ലയില്ലാത്തതിനാല്‍ അഫ്ഗാന്‍ ജനതയുടെ താല്‍പര്യങ്ങള്‍ നേടുന്നതിനോ സംരക്ഷിക്കുന്നതിനോ സാധിക്കുന്നില്ലെന്നും കാബൂളില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന്റെ അഭാവമുണ്ടെന്നും’- എംബസി പറഞ്ഞു.
‘നയതന്ത്രജ്ഞര്‍ക്കുള്ള വിസ പുതുക്കുന്നതില്‍ നിന്ന് സമയബന്ധിതവും മതിയായതുമായ പിന്തുണ ലഭിക്കാത്തത് ഞങ്ങളെ നിരാശയിലേക്ക് നയിക്കുകയും പതിവ് ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തെ (എംഇഎ) നേരത്തെ അറിയിച്ചിരുന്നു.’ – പ്രസ്താവനയില്‍ പറയുന്നു.
അഫ്ഗാന്‍ എംബസിയിലെ അംബാസഡറും മറ്റ് മുതിര്‍ന്ന നയതന്ത്രജ്ഞരും ഇന്ത്യ വിട്ട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും അഭയം പ്രാപിച്ചതിന് ശേഷമാണ് ഉത്തരവിറക്കിയതെന്ന് എംബസി ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അഞ്ച് അഫ്ഗാന്‍ നയതന്ത്രജ്ഞരെങ്കിലും ഇന്ത്യ വിട്ടതായി എംബസി അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതും പഠിക്കുന്നതും വ്യാപാരം ചെയ്യുന്നതും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുമായ അഫ്ഗാനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും എംബസി പ്രസ്താവയിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.