തനിക്കു നേരെ ഇതിനു മുൻപ് അഞ്ച് തവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴുണ്ടാകാതിരുന്ന ഭയം ഇപ്പോഴുമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇടുക്കിയിൽ നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ഇടുക്കിയിൽ ഇന്ന് നടന്ന ഹർത്താലിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവയ്ക്കുമ്പോൾ വെറും 35–ാം വയസ്സ് മാത്രമാണുണ്ടായിരുന്നത്. 1985, 86, 87 കാലഘട്ടങ്ങളിലാണ് യഥാർഥത്തിലുള്ള ഭീഷണി നേരിട്ടത്. അഞ്ച് തവണ എനിക്കു നേരം വധശ്രമമുണ്ടായി. 1990ൽ നടന്ന ശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലയ്ക്ക് പരുക്കേറ്റു. ഇപ്പോൾ ഭീഷണിയുണ്ടോ എന്ന് ചോദിക്കുമ്പോൾ പറയാനുള്ളത്, 35–ാം വയസ്സിൽ തോന്നാത്തത് 72–ാം വയസ്സിൽ തോന്നുമോ എന്നാണ്. എന്റെ പ്രായം ആയുർദൈർഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു. അധികമായി കിട്ടുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടും ഭയമില്ല.’’– ഗവർണർ പറഞ്ഞു.