കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ മുഴുവൻ ജില്ലകളിലും പാർട്ടിയെ കൂടുതൽ സജ്ജമാക്കുന്നതിനുള്ള തിരക്കുപിടിച്ച ചർച്ചകളിലാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിച്ചിരുന്നു. ഇതിനുമുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും 19 സീറ്റുകൾ ലഭിച്ചിരുന്നെങ്കിലും തുടർന്ന് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് മികച്ച പ്രകടനം നടത്തുവാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സംഘടന ശക്തി പരമാവധി ഉയർത്തുകയാണ് പാർട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. വടക്കൻ ജില്ലകളെ അപേക്ഷിച്ച് നോക്കുമ്പോൾ തെക്കൻ ജില്ലകളിൽ പാർട്ടിക്കുള്ള സ്വീകാര്യത കുറഞ്ഞു വരികയാണ്. പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പരമ്പരാഗതമായി പ്രവർത്തിക്കുന്നവർ പോലും കോൺഗ്രസിനോട് അകലുന്ന സ്ഥിതിയാണുള്ളത്. ഈ രണ്ടു ജില്ലകളിലുമായി കോൺഗ്രസിനുള്ളത് വിരലിൽ എണ്ണാവുന്ന എംഎൽഎമാർ മാത്രമാണ്. ഇവരാകട്ടെ വിജയിച്ചതിന് പിന്നിൽ പാർട്ടിക്ക് പുറത്തുള്ള അവരുടേതായ സ്വീകാര്യതയും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സമൂലമായ മാറ്റത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും പാലോട് രവിയേയും കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി രാജേന്ദ്രപ്രസാദിനെയും മാറ്റുന്നതിനുള്ള സാധ്യതകളാണ് കാണുന്നത്. കോൺഗ്രസിന് കൃത്യമായി അടിത്തറയുള്ള ജില്ലയാണ് കൊല്ലം. എന്നാൽ കുറെ നാളുകളായി പാർട്ടി ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും അകലുന്ന തരത്തിൽ ആയിരുന്നു പ്രവർത്തനം. ഇനിയും ഈ വിധത്തിൽ പാർട്ടി മുന്നോട്ടു പോയാൽ നാശത്തിലേക്ക് പോകുമെന്ന തരത്തിൽ പ്രതികരണങ്ങളുമായി ഒട്ടേറെ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർത്തിയിരിക്കുകയാണ്. കൊടുക്കുന്നിൽ സുരേഷ് പക്ഷക്കാരനായ പി രാജേന്ദ്ര പ്രസാദ് മാറുമ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ജില്ലയിലെ പാർട്ടിയെ നയിക്കുവാൻ കഴിയുന്ന ഒരാൾ വരണമെന്ന് അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും മുന്നോട്ടുവരുന്നത്. നിലവിൽ ചില പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷ് വിഭാഗത്തിന് തന്നെ വീണ്ടും പ്രസിഡന്റ് സ്ഥാനം ലഭിച്ചാൽ നിലവിലെ ഡിസിസി ജനറൽ സെക്രട്ടറി ഹരികുമാറിനാണ് സാധ്യത. ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമായ ജ്യോതി കുമാർ ചാമക്കാലയുടെയും കെ സി വേണുഗോപാൽ പക്ഷം നേതാവും നിലവിലെ കെപിസിസി ഭാരവാഹിയായ എം എം നസീറിന്റെയും പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. അന്തരിച്ച കോൺഗ്രസ് നേതാവ് തോപ്പിൽ രവിയുടെ മകനും നിലവിൽ കെപിസിസി സെക്രട്ടറിയുമായ സൂരജ് രവിയുടെ പേരും സജീവമായി പരിഗണനയിലുണ്ട്. അതേസമയം, എറണാകുളത്തെയും മലപ്പുറത്തെയും പോലെ ഒരു യുവ സാന്നിധ്യം പാർട്ടിയെ നയിക്കാൻ അനിവാര്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അത്തരത്തിൽ മുൻ യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ അരുൺരാജിന്റെ പേരും ചർച്ചകളിൽ സജീവമാണ്. നിലവിൽ ഡിസിസി വൈസ് പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം.