ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്‌സിനെതിരെ പൊലീസ് കേസ് എടുത്തു. ഐപിസി 406, 417, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തത്. ഇയാളെ നേരത്തേ ഡിസി ബുക്സ് സസ്പെൻഡ് ചെയ്തിരുന്നു.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപി ജയരാജനുമായി രേഖാമൂലം കരാറില്ലെന്ന് രവി ഡിസി നേരത്തേ പൊലീസിന് മൊഴി നൽകിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്നും കരാറിലെത്താന്‍ ധാരണയുണ്ടായിരുന്നുവെന്നുമാണ് രവി ഡിസിയുടെ മൊഴി. കരാര്‍ ഉണ്ടായിരുന്നില്ലെന്ന് ഡിസി ബുക്ക്‌സ് ജീവനക്കാരും ജിപി ജയരാജനും നേരത്തേ മൊഴി നല്‍കിയിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന് ആണ് അന്വേഷണ ചുമതല. ആത്മകഥ എന്ന പേരില്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത് താൻ എഴുതിയതല്ലെന്നും ആത്മകഥയെന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇപി ജയരാജൻ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലാണ് ഇപിയുടെ ആത്മകഥ എന്ന പേരില്‍ ഏതാനും ചില വാചകങ്ങള്‍ ആദ്യമായി പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക മാധ്യമങ്ങളും അതേറ്റെടുക്കുകയും സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപി അത് തന്റെ ആത്മകഥയിലെ ഭാഗങ്ങള്‍ അല്ലെന്നും താന്‍ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നേ ഉള്ളെന്നും ഡിസിയെ അതിന്റെ പ്രസാധന ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി രംഗത്ത് വന്നത്.