ദലിത് യുവാവ് ഗ്രാമത്തിൽ പ്രവേശിച്ചു: ശുദ്ധീകരണത്തിന് രണ്ട് ക്ഷേത്രങ്ങള്‍ അടച്ചു

National

ബംഗളൂരു: ദലിത് യുവാവിന്റെ പ്രവേശനത്തെ തുടര്‍ന്ന് ശുദ്ധീകരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ തരിക്കീറെ താലൂക്കിലെ ഗൊള്ളാറഹട്ടി ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങള്‍ അടച്ചു.’ശുദ്ധികലശം’ നടത്തി ‘പവിത്ര’മാക്കിയതിനു ശേഷമേ ഇനി ക്ഷേത്രങ്ങള്‍ തുറക്കുകയുള്ളൂവെന്ന് തദ്ദേശവാസികള്‍ വ്യക്തമാക്കി. ദലിത് യുവാവ് പ്രദേശത്ത് പ്രവേശിച്ചതിനു പിന്നാലെ കമ്ബട രംഗനാഥ സ്വാമി, തിമ്മപ്പ ക്ഷേത്രങ്ങളാണ് അടച്ചത്.

ദലിത് സമുദായക്കാരനായ എക്സ്കവേറ്റര്‍ ഓപ്പറേറ്ററായ മാരുതി ജനുവരി ഒന്നിനാണ് ഗൊള്ളാറഹട്ടിയിലെത്തിയത്. വീട് പൊളിക്കുന്ന സ്ഥലത്ത് ലോഡിങ് ജോലിക്കാണ് ഇയാളെ നിയമിച്ചത്. യുവാവ് പ്രദേശത്ത് എത്തിയെന്നറിഞ്ഞ പ്രദേശവാസികള്‍ ക്ഷേത്രങ്ങളുടെ കവാടങ്ങള്‍ അടച്ചിട്ടു. ചിലയാളുകള്‍ അവിടേക്ക് വന്നതിന് മാരുതിയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മാരുതി ജനുവരി രണ്ടിന് 15 പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എസ്.സി/എസ്.ടി(മര്‍ദനം തടയല്‍)വകുപ്പ് പ്രകാരം തരിക്കീറെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്.

പരാതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ് വാഹനം കണ്ടയുടൻ പ്രദേശത്തെ ആളുകള്‍ വീടുകളില്‍ കയറി വാതിലടച്ചു. ഗൊള്ളാറഹട്ടിയില്‍ ഗൊള്ള സമുദായത്തില്‍ പെട്ട 130 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരെ കൂടാതെ ലിംഗായത്ത്, ഭോവി സമുദായക്കാരും ഇവിടെയുണ്ട്.

വര്‍ഷങ്ങളായി ദലിത് വിഭാഗത്തില്‍പ്പെട്ടവരെ ഗൊള്ളാറഹട്ടിയിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് ഗൊള്ളക്കാര്‍ അവകാശപ്പെടുന്നു. അയല്‍ഗ്രാമത്തിലുള്ളവര്‍ക്കും ഇക്കാര്യം അറിയാം. അതിനാല്‍ അവരാരും ഇവിടേക്ക് വരാറില്ല. ദലിത് യുവാവ് കടന്നതിനു ശേഷം ആചാരത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലെ വിഗ്രഹത്തെ പൂജിക്കാൻ ഗംഗയിലേക്ക് കൊണ്ടുപോയി. വിഗ്രഹം തിരികെ കൊണ്ടുവന്ന ശേഷമായിരിക്കും ഇനി ക്ഷേത്രങ്ങളില്‍ പൂജ നടക്കുക.

അതേസമയം, മാരുതിയെ മര്‍ദിച്ചിട്ടില്ലെനാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവിടത്തെ ആചാരങ്ങള്‍ അയാള്‍ക്ക് അറിയില്ലായിരിക്കാം. എക്‌സ്‌കവേറ്റര്‍ ജോലിക്കിടയില്‍ ടി.വി കേബിള്‍ മുറിച്ചതിനാല്‍ ഒരാള്‍ അവനുമായി തര്‍ക്കിച്ചു. പിന്നീടാണ് അദ്ദേഹം മാഡിഗ സമുദായത്തില്‍ പെട്ടയാളാണെന്ന് അറിയുന്നത്.അങ്ങനെയാണ് വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരത്തിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടിയതെന്നും ഒരു പ്രദേശവാസി പറഞ്ഞു.

ആചാരത്തെക്കുറിച്ച്‌ യാതൊരു അറിവുമില്ലാതെ ആളുകള്‍ പ്രദേശത്ത് പ്രവേശിക്കുകയും ശുദ്ധീകരണത്തിനുള്ള ചെലവ് നല്‍കുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ട്. അവര്‍ പണം നല്‍കാൻ വിസമ്മതിച്ചാല്‍ ഞങ്ങള്‍ സംഭാവന നല്‍കുകയും ശുദ്ധീകരണ ചെലവ് വഹിക്കുകയും ചെയ്യുന്നു.-മറ്റൊരാള്‍ പറഞ്ഞു.

ദലിത് സമുദായത്തില്‍ പെട്ട ലോക്സഭ അംഗവും മന്ത്രിയുമായ എ. നാരായണസ്വാമിയെ 2019ല്‍ ഗൊള്ളാറഹട്ടിയിലേക്ക് പ്രവേശിക്കുന്നതിന് തടഞ്ഞിരുന്നു. ഇതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നതോടെ, ഗ്രാമവാസികള്‍ തന്നെ അദ്ദേഹത്തെ നേരിട്ടു ക്ഷണിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *