തിരുവനന്തപുരം: അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന് ശേഷം ഒമാന്‍-യെമന്‍ തീരത്തേക്കാകും ചുഴലികാറ്റ് നീങ്ങുകയെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കുന്നത്.
നിലവിലെ അവലോകനം പ്രകാരം ഈ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെ ബാധിക്കാനിടയില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളമടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉത്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യുന മര്‍ദ്ദമായി മാറാനും സാധ്യതയുണ്ട് കേരളത്തില്‍ വരും ദിവസങ്ങളില്‍ അങ്ങിങ്ങായി മഴക്ക് സാധ്യതയുണ്ടെന്നും തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്നലെ രാത്രി 11.30 യോടെയാണ് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായത്. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ പുറപ്പെടുവിച്ച മഴ മുന്നറിയിപ്പില്‍ വ്യക്തമാക്കിയത്. മലയോര മേഖലകളില്‍ കൂടുതല്‍ മഴയുണ്ടാകുമെന്ന് അറിയിപ്പില്‍ പറഞ്ഞിരുന്നു. കേരള, കര്‍ണാടക തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.