പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ ജീവ താണ്ടിയത് 450ൽ പരം കിലോമീറ്റർ

Kerala

കോതമംഗലം: കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്,ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.

ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *