സിബിഐ ചമഞ്ഞ് വീണ്ടും വൻ തുക സൈബർ തട്ടിപ്പുകാർ കവർന്നു. പത്തിനംതിട്ട സ്വദേശിയായ കെ തോമസാണ് ഇത്തവണ തട്ടിപ്പിന് ഇരയായത്. പ്രതിരോധ വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായ തോമസിന് 45 ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് തവണകളായാണ് തോമസിൽ നിന്നും സിബിഐ ചമഞ്ഞ് സംഘം പണം തട്ടിയത്. അക്കൗണ്ടിലുള്ള പണം അനധികൃതമാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്‍റെ തുടക്കം.
പണത്തിന്‍റെ നിയമപരമായി സാധുത ഉറപ്പുവരുത്തുന്നതിന് ഇവർ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് പണം അയച്ചു നൽകാനും നിർദ്ദേശിച്ചു. ഇങ്ങനെ നിക്ഷേപിക്കുന്ന പണം പരിശോധനയ്ക്കു ശേഷം തിരികെ നൽകാം എന്നായിരുന്നു തോമസിന് തട്ടിപ്പ് സംഘം തോമസ് നൽകിയ ഉറപ്പ്.
നിയമപരമായി കുരക്കിൽ ആകുമെന്ന് കരുതിയ തോമസ് ഈ മാസം ഇരുപതാം തീയതി ആദ്യ ഗഡുവായ 10 ലക്ഷം രൂപ കൈമാറി. ഇരുപത്തിമൂന്നാം തീയതി ബാങ്കിലെ സ്ഥിരനിക്ഷേപം പിൻവലിച്ച് 35 ലക്ഷം രൂപ കൂടി തട്ടിപ്പ് സംഘത്തിന് നൽകി. 45 ലക്ഷം രൂപ നൽകിയിട്ടും ഭീഷണി തുടർന്നു. ഷെയർ നിക്ഷേപിച്ചിട്ടുള്ള പണം കൂടി ആവശ്യപ്പെട്ടു. വലിയ തുക കൈമാറിയതിൽ സംശയം തോന്നിയ ബാങ്കിംഗ് മാനേജരാണ് അടുത്ത ബന്ധുവിനെ വിവരം അറിയിച്ചത്. തുടർന്നാണ് പത്തനംതിട്ട സൈബർ പോലീസിൽ പരാതി നൽകിയത്. സൈബർ പോലീസ് കേസിൽ അന്വേഷണം തുടങ്ങി. 2001ൽ ജോലിയിൽ നിന്നും വിരമിച്ച തോമസ് ഒറ്റയ്ക്കാണ് താമസം. ഏക മകൻ വിദേശത്താണ്.