തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതി പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
സൈബര്‍ അധിക്ഷേപത്തിൽ മാപ്പ് ചോദിച്ച് നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം നടത്തിയത്. ‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ ഞാന്‍ രേഖപ്പെടുത്തിയ ഒരു കമന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്ക് അപമാനകരമായി പോയതില്‍ ഞാന്‍ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയില്‍പ്പെട്ടയുടനെ ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു.’ എന്നായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.