കൊച്ചി: കുസാറ്റില്‍ കഴിഞ്ഞമാസം 25ന് സംഗീത നിശക്കിടെ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‌റെ ഉത്തരവ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് കുസാറ്റില്‍ നടന്നത്. വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. മരിച്ചവരുടെ കുടുംബത്തിന്‌റേത് നികത്താനാവാത്ത നഷ്ടമാണ്. കേരളത്തില്‍ ഇത്തരം സംഭവം മുന്‍പുണ്ടായിട്ടില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. സംഭവത്തിന്ര്‍റെ പേരില്‍ ആരേയും കുറ്റപ്പെടുത്താന്‍ കോടതിക്കാവില്ല. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കോടതിചൂണ്ടികാട്ടി.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കുറ്റക്കാരായ സര്‍വകലാശാല രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ലന്നാരോപിച്ചാണ് ഹര്‍ജി. കേരളത്തിലെ സര്‍വകലാശാല ക്യാമ്പസില്‍ ആദ്യമായിട്ടാണ് തിക്കിലും തിരക്കിലും പെട്ടുള്ള മരണം സംഭവിക്കുന്നത്. അതിനാല്‍ ഗൗരവത്തോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിനും നിയമസഭയ്ക്കും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും വേണമന്നാണ് ആവശ്യം.
സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പലിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് സര്‍വകലാശാല അധികൃതര്‍ അവഗണിച്ചത് ദുരന്തത്തിന് ആക്കം കൂട്ടി. ദുരന്തശേഷം അദ്ദേഹത്തെ ബലിയാടാക്കി സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത് സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനത്തിന്‌റെ ഫലമാണ്. 2015 ലെ തിരുവനന്തപുരം സിഎടി എഞ്ചിനീയറിങ് കോളേജ് ഓണാഘോഷത്തിനിടെ ജീപ്പ് അപകടം സംബന്ധിച്ച് ഹൈക്കോടതി വിധിന്യായത്തില്‍ സര്‍വകലാശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളെ പറ്റി പറയുന്നുണ്ട്. ഇത് കുസാറ്റ് അധികൃതര്‍ പാലിച്ചില്ലെന്നുമാണ്ആരോപണം.