കൊച്ചി: സംഘാടനത്തിലെ ഗുരുതരമായ പിഴവാണ് അപകടകാരണമെന്നാണ് ചില വിദ്യാർത്ഥികൾ സൂചിപ്പിക്കുന്നത്. ഗേറ്റ് അടച്ചിട്ടുവെന്നും എല്ലാവര്ക്കും പ്രവേശനമുള്ള പരിപാടിയില്‍ ടിഷര്‍ട്ട് ഇട്ടവരെ മാത്രം പ്രവേശിപ്പിക്കാൻ ശ്രമിച്ചുവെന്നും വിദ്യാര്‍ഥികൾ ആരോപിക്കുന്നു. ഒരു ഗേറ്റിലൂടെ ടീഷർട്ട് ധരിച്ചവരെ മാത്രം തിരഞ്ഞുപിടിച്ച് ഉള്ളിലേക്ക് കയറ്റുവാൻ ശ്രമിച്ചപ്പോൾ വലിയ തിരക്ക് രൂപപ്പെടുകയായിരുന്നു. അതല്ലാതെ മഴ വന്നതല്ല അപകടത്തിന് കാരണമെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഗാനമേളയുടെ സംഘാടനത്തില്‍ പാളിച്ച സംഭവിച്ചെന്ന് കുസാറ്റ് വിസി പി ജി ശങ്കരനും സമ്മതിക്കുന്നു.സമയ ക്രമം പാലിച്ച് വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിനുളളില്‍ കയറ്റി വിടുന്നതില്‍ പാളിച്ച പറ്റി. ഗാനമേള കാണുന്നതിനായി പ്രതീക്ഷിക്കാത്ത ജനക്കൂട്ടം എത്തിയെന്നും വി സി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താൻ കുസാറ്റ് മൂന്നംഗ സമിതിയെ നിയോഗിച്ചു. വലിയ ജനക്കൂട്ടം പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. വീഴ്ച ശരിവെക്കുന്നതായിരുന്നു പൊലീസ് നൽകിയ റിപ്പോർട്ടും. അതേസമയം, അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തും. അന്വേഷണ വിഷയങ്ങൾ തീരുമാനിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.
കുസാറ്റ് അപകടം: സംഘാടനത്തിലെ ‘ഗുരുതര പിഴവ്’
