കുസാറ്റ് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Breaking Kerala

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരന്തത്തിലെ അന്വേഷണ പുരോഗതി സര്‍ക്കാര്‍ ഇന്ന് അറിയിച്ചേക്കും. മജിസ്റ്റീരിയല്‍ അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്റും ഉന്നതതല അന്വേഷണ പുരോഗതി ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് കോടതിയെ അറിയിക്കുക. ക്രിമിനല്‍ കേസ് അന്വേഷണം സംബന്ധിച്ച പുരോഗതി കളമശ്ശേരി പൊലീസ് അറിയിക്കും.
നാല് തലങ്ങളിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സര്‍വകലാശാല നേരത്തെ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. സംഘാടകരായ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്നാണ് സിംഗിള്‍ ബെഞ്ച് ആവര്‍ത്തിച്ച് സ്വീകരിച്ച നിലപാട്. ആരെങ്കിലും മന:പൂര്‍വ്വം സൃഷ്ടിച്ച അപകടമാണ് കുസാറ്റില്‍ സംഭവിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണ് ഹര്‍ജിയുള്ളത്.
നവംബര്‍ 25നാണ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാള്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ മാറ്റിയിരുന്നു. സര്‍വകലാശാല മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ നിന്നും പി കെ ബേബിയെയും മാറ്റി. ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയ ആളാണ് പി കെ ബേബി എന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച പറ്റി എന്ന ആരോപണമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *