കുസാറ്റ് ദുരന്തം: പ്രതികളെ അറസ്റ്റ് ചെയ്‌തോയെന്ന് കോടതി

Breaking Kerala

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രതികളെ അറസ്റ്റ് ചെയ്‌തോയെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുന്‍ പ്രിന്‍സിപ്പാള്‍ ദിപക് കുമാര്‍ സാഹു ഹൈക്കോടതിയെ അറിയിച്ചു. ടെക് ഫെസ്റ്റിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നതായും എന്നാല്‍ ഇത് അവഗണിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി. താന്‍ അടക്കം മൂന്ന് അധ്യാപകരെ ബലിയാടാക്കി രജിസ്ട്രാറെ സംരക്ഷിക്കാനാണ് ശ്രമമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്നായിരുന്നു പൊലീസ് റിപോര്‍ട്ട്. ആയിരം പേര്‍ക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ല. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്‍മ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി തൃക്കാക്കര അസി. കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹര്‍ജി നല്‍കിയത്. പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പാള്‍ നല്‍കിയ കത്ത് രജിസ്ട്രാര്‍ അവഗണിച്ചതാണ് ദുരന്തത്തിന്റെ കാരണമെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ രജിസ്ട്രാര്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *