കോട്ടയം: മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചികിത്സയ്ക്ക് കുട്ടിയുമായി എത്തിയ അച്ഛനും ബന്ധവുമാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം മാടപ്പള്ളി സ്വദേശി വൈശാഖ്, പാമ്പാടി വെള്ളൂര്‍ സ്വദേശി ജെറിന്‍ രവി എന്നിവരാണ് പിടിയിലായത്. മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഇരുവരും ചേര്‍ന്ന് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പവന്‍ ജോര്‍ജിനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഉച്ചയോടുകൂടി ഭാര്യയും, കുട്ടിയുമായി ചികിത്സയ്ക്ക് എത്തിയ വൈശാഖ് ഭാര്യയെ ഡോക്ടറെ കാണിച്ചതിനു ശേഷം കുട്ടിയെ ചികിത്സിക്കുന്നതിന് പീഡിയാട്രീഷനെ കാണാന്‍ പോയി.
പീഡിയാട്രീഷന്‍ അവധിയിലാണെന്ന് അറിഞ്ഞതോടെ പ്രകോപിതനായ വൈശാഖ് ആശുപത്രി ജീവനക്കാരോട് അസഭ്യം പറഞ്ഞു. ഇതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ സമയം അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന തന്നെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും കഴുത്തിനു കുത്തിപ്പിടിച്ച് ജനല്‍ വഴി പുറത്തേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് ഡോക്ടര്‍ പവന്‍ ജോര്‍ജ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
