ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഛത്തീസ്ഗഢില്‍ സ്‌ഫോടനം. നക്‌സല്‍ ബാധിത പ്രദേശമായ സുഖ്മ ജില്ലയിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ ഒരു നക്‌സല്‍ ആദിവാസി അംഗം മരിച്ചു. സുഖ്മയിലെ മുകരത്തിനും മര്‍കഗുഡയ്ക്കും ഇടയിലാണ് സ്ഫോടനമുണ്ടായത്.
ഐഇഡി സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഛത്തീസ്ഗഡില്‍ കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടിരുന്നു. ബിജെപി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയം.
കൗശല്‍നര്‍ മാര്‍ക്കറ്റ് പ്രദേശത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാര്‍ഥി കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ബസ്തര്‍ റേഞ്ച് ഐജി പി സുന്ദര്‍രാജ് വ്യക്തമാക്കി.