ലഖ്നൗ: ലോക ക്രിക്കറ്റ് കീരിടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് ഫോട്ടോക്ക് പോസ് ചെയ്ത ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിന്റെ നടപടിയെ അപലപിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ലോകകിരീടം കാൽ കൊണ്ട് സ്പർശിച്ച മിച്ചൽ മാർഷിന്റെ നടപടി അപലപനീയമാണ്. എല്ലാ രാജ്യങ്ങളും തൊടാൻ കൊതിച്ച ട്രോഫിയെയാണ് മാർഷ് ഇത്തരത്തിൽ അവഹേളിച്ചതെന്ന് ഷമി പറഞ്ഞു.അദ്ധ്വാനത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീകമാണ് ലോകകിരീടം. അത് എല്ലാവരും തങ്ങളുടെ ശിരസ്സിന് മുകളിൽ ഉയർത്തി പിടിക്കുവാനാണ് ആഗ്രഹിക്കുന്നത്. ആ കിരീടത്തെ കാലുകൊണ്ട് സ്പർശിച്ച മാർഷിന്റെ നടപടി ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തന്റെ മനസ്സിന് വേദനയുണ്ടാക്കിയെന്നും ഷമി കൂട്ടിച്ചേർത്തു.കഴിഞ്ഞ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറാണ് ഷമി. ടൂർണമെന്റിൽ ആകെ മൂന്ന് തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അദ്ദേഹം ഒരു തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ആകെ 24 വിക്കറ്റുകളാണ് ഈ ലോകകപ്പിൽ അദ്ദേഹം വീഴ്ത്തിയത്.
അതേസമയം ലോകകിരീടത്തെ കാൽ കൊണ്ട് സ്പർശിച്ച മാർഷിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ലോക കിരീടത്തിന്റെ മൂല്യം മനസിലാക്കാൻ സാധിക്കാത്തത് സാംസ്കാരികമായി ഗതികേടാണെന്ന് ഒരു വിഭാഗം പ്രതികരിച്ചപ്പോൾ, അത് മാർഷിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും കളിച്ച് നേടിയ ഒരു വസ്തു എന്നതിലപ്പുറം കിരീടത്തിന് വലിയ മഹത്വമൊന്നും കൽപ്പിക്കേണ്ടതില്ലെന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം.