കണ്ണൂര്‍ : തന്നെ കിഴക്കെ കതിരൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ നീതി കിട്ടിയില്ലെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ പി.ജയരാജന്‍ പ്രതികരിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ ഖാദി ബോര്‍ഡ് ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് ഈ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണം. സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ തനിക്ക് കഴിയുമോയെ ന്നകാര്യത്തില്‍ നിയമോപദേശം തേടും. കോടതി നടപടിയില്‍ അസ്വാഭാവികതയുണ്ടായി.
മറ്റൊരു ബെഞ്ചിലേക്ക് മാറേണ്ട കേസ് ധൃതിപ്പെട്ടു അതേ ജഡ്ജ് വാദം കേട്ടതില്‍ അസ്വാഭാവികതയുണ്ട്. ഈ ആശങ്ക ഹൈക്കോടതി ജസ്റ്റിസിനെ കഴിഞ്ഞ ഡിസംബര്‍ 26ന് തന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഈക്കാര്യം സുപ്രീം കോടതിയെയും അറിയിക്കുമെന്ന് പി.ജയരാജന്‍ വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിയില്‍ അസ്വാഭാവികതയില്ല.
ഇരുപതുവര്‍ഷമെന്ന കീഴ്‌ക്കോടതി വിധി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല പാര്‍ട്ടി കോഴിക്കോട് ജില്ലാസെക്രട്ടറി മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടതിലൂടെ പാര്‍ട്ടിക്ക് പങ്കില്ലെന്നു വ്യക്തമായിരിക്കുകയാണ്. വലതു പക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെ കോടതി വിധി ചൂണ്ടിക്കാട്ടി കുപ്രചരണം നടത്തുകയാണെന്നും പി.ജയരാജന്‍ കുറ്റപ്പെടുത്തി.