യൂസഫ് അരിയന്നൂർ
ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ച ഡിവൈഎഫ്ഐ നേതാവിനെ തടഞ്ഞു പിഴയിട്ടതിനെ തുടർന്ന് തിരുവനന്തപുരം പേട്ട പൊലീസിനെ സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ചു കയറി കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ട് അധികനാളായിട്ടില്ല. കഴിഞ്ഞ ദിവസം ആണ് പാതിരാത്രി തിരുവനന്തപുരം മാറനല്ലൂരിൽ ആയുധങ്ങളുമായി കാറിൽ സഞ്ചരിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഒരു പ്രദേശമാകെ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്.പ്രകോപനമൊന്നുമില്ലാതെ തല്ലിത്തകർത്തത് 11വാഹനങ്ങൾ ആണ്. ഈയിടെ ലഹരിക്ക് അടിപ്പെട്ടു നടത്തിയ കൃത്യത്തിൽ സിപിഎം വിട്ടു കോൺഗ്രസിലെത്തിയ പ്രാദേശിക നേതാവിന്റെ വീട് ആക്രമിച്ചു. ഒരു കർഷകന്റെ മരച്ചീനി കൃഷിയിടം നശിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം അറസ്റ്റിലായ രണ്ടുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നുകൂടി പൊലീസ് പറഞ്ഞു.
ലഹരി ഉപയോഗവും ഗുണ്ടാ പ്രവർത്തനങ്ങളും നടത്തുന്നത് ഭരണ പിൻബലത്തിൽ ആണെന്നുള്ളത് അപകടകരമാണ്. രാഷ്ട്രീയ പിന്തുണയോടെ ലഹരി, ഗുണ്ടാ സംഘങ്ങൾ നാട്ടുകാരെ പേടിപ്പിച്ചു നിയന്ത്രിക്കുന്നത് പതിവായി കേൾക്കുന്ന വാർത്തയായിരിക്കുന്നു ഇപ്പോൾ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഭരണത്തിന്റെ മറപറ്റി പിൻബലം നൽകുന്ന നേതാക്കൾ സമൂഹത്തിൽ ഇപ്പോൾ ധാരാളമായി. ഇക്കൂട്ടർക്ക് ഇതൊക്കെ ചെയ്യാനുള്ള ധൈര്യം കിട്ടുന്നത് ഭരണപിൻബലംകൊണ്ടാണെന്നതു രഹസ്യമല്ല. പോലീസ് നടപടിക്ക് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കിയിട്ടുണ്ട്.
പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം നടത്തിയത് സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ്. നിയമം നടപ്പാക്കിയ രണ്ട് എസ്ഐമാരെ സ്റ്റേഷനിൽനിന്നു മാറ്റിനിർത്തിയാണ് സർക്കാർ അതിക്രമത്തിനു കുട പിടിച്ചത് എന്ന് ന്യായീകരിക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ്.
പാർട്ടിക്കു പിരിവു നൽകാത്തതിൽ ഇടുക്കിയിലെ ഏലത്തോട്ടമുടമയെ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തോട്ടത്തിൽ കയറി ഭീഷണിപ്പെടുത്തിയതും ഈ അടുത്ത് തന്നെയാണ്. തകർന്ന റോഡിനെപ്പറ്റി പരിഹാസ രൂപത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതിന് ആലപ്പുഴ ജില്ലയിൽ ആക്രമണത്തിനിരയായത് മുൻ ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയാണ്. ഇതിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആണ് പ്രതിസ്ഥാനത്തുള്ളത്.
ഭരണത്തിന്റെ തണലിൽ അക്രമം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നതു പതിവായിട്ടുണ്ട്.അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ഡി വൈ എഫ് ഐക്കാർ അധിക്രൂരമായി തല്ലിച്ചതച്ചപ്പോഴും കാഴ്ചക്കാരായി പോലീസ് മാറിയത്. നടപടിയെടുത്താൽ സംരക്ഷിക്കപ്പെടുമെന്ന ധൈര്യം പൊലീസിനു ലഭിക്കാത്തതുതന്നെ കാരണം. ഓരോ സംഭവവും ഉണ്ടാകുമ്പോൾ ‘ഒറ്റപ്പെട്ടത്’ എന്നു പറഞ്ഞു കൈ കഴുകുന്ന പാർട്ടി നേതൃത്വം തിരുത്തലിനു തയാറാകുന്നില്ല. ലഹരിക്കെതിരെ ജനങ്ങളെയാകെ അണിനിരത്തുമെന്നു പ്രഖ്യാപിച്ചാണു സർക്കാർ പല പ്രചാരണ പരിപാടികളും നടത്തിയത്. എന്നാൽ, സ്വന്തം പാർട്ടിക്കാരെപ്പോലും ഈ പോരാട്ടത്തിൽ ഒപ്പം നിർത്താനാകുന്നില്ല എന്നത് ജുകുത്സാവദമാണ്. നവകേരള സദസ്സിലെ ഒത്തിരി നല്ലകാര്യങ്ങളിൽ വാചലരാകുന്നവർ ഈ നെറികേടുകൾക്കെതിരെയും കൂടി പ്രതികരിക്കേണ്ടതുണ്ട്.