ക്ഷേത്രഭൂമിയില്‍ സി.പി.എം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ഹൈകോടതി തടഞ്ഞു

Kerala

കൊച്ചി: ക്ഷേത്രഭൂമിയില്‍ സി.പി.എം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടന ചടങ്ങ് ഹൈകോടതി തടഞ്ഞു. ശനിയാഴ്ച പാലക്കാട് തൂത ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിടം തൂത ഭഗവതി ക്ഷേത്രം ദേവസ്വം ഭൂമിയില്‍ ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് വിലക്കിയത്.മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രഭൂമിയില്‍നിന്ന് മരം മുറിച്ചുനീക്കുകയും പാര്‍ട്ടി ഓഫിസിലേക്ക് ഇതിലൂടെ അനധികൃതമായി വഴി വെട്ടുകയും ചെയ്തുവെന്നാരോപിച്ച്‌ ക്ഷേത്രഭക്തനായ പി. ബാലസുബ്രഹ്മണ്യൻ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

ഒരു തേക്ക് അനുമതിയില്ലാതെ മുറിച്ചതായും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ക്കും ബന്ധപ്പെട്ട ട്രസ്റ്റികള്‍ക്കുമെതിരെ നടപടി ശിപാര്‍ശ ചെയ്തതായും മലബാര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇങ്ങനെ പരാതി കിട്ടിയിട്ടില്ലെന്ന് ചേര്‍പ്പുളശ്ശേരി പൊലീസ് ആദ്യം അറിയിച്ചെങ്കിലും കോടതി ഇടപെടലിന് ശേഷം മരം വെട്ടിയതും പാത വെട്ടിയതും സംബന്ധിച്ച്‌ ക്ഷേത്ര രക്ഷാസമിതിയുടെ രണ്ട് പരാതി ലഭിച്ചതായി പൊലീസ് അറിയിച്ചു.ഇതിനിടെയാണ് ശനിയാഴ്ച സി.പി.എം ഓഫിസ് ഉദ്ഘാടനം ദേവസ്വം ഭൂമിയിലെ ഓഡിറ്റോറിയത്തില്‍ നടത്താനിരിക്കുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഇതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ക്ഷേത്രം എക്സി. ഓഫിസറും അറിയിച്ചു.

ദേവന്‍റെ സ്വത്ത് എന്നാണ് ദേവസ്വം എന്നതിന്‍റെ അര്‍ഥം. അതിനാല്‍ ദേവസ്വം ഭൂമിയില്‍ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് അസി. ദേവസ്വം കമീഷണറും ക്ഷേത്രം എക്സി. ഓഫിസറും ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറും ഉറപ്പു വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പത്ത് ദിവസത്തിനകം അസി. ദേവസ്വം കമീഷണര്‍ സത്യവാങ്മൂലം നല്‍കാൻ നിര്‍ദേശിച്ച കോടതി, ഹരജി 31ന് പരിഗണിക്കാൻ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *