കോഴിക്കോട് : പാർട്ടിയിലെ അണികളുടെ ഭാര്യമാർക്ക് നേരെ നേതാക്കൾ അതിക്രമങ്ങൾ നടത്തുന്നത് സിപിഎമ്മിൽ പതിവ് വാർത്തയാകുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്തു. വളയം ലോക്കൽ കമ്മിറ്റി അംഗമായ ജിനീഷിനെതിരെ പാർട്ടിയിലെ തന്നെ മറ്റൊരംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി.
വീട്ടിൽ കയറി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ആരോപണം ഉയർന്നപ്പോൾ തന്നെ ജിനീഷിനെ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തുവെന്നാണ് പാർട്ടി വിശദീകരണം. പ്രതിക്കെതിരെ ഐപിസി 345, 354എ, 354ബി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഈ മാസം ആദ്യമാണ് മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ലൈഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ് ചുമത്തിയത്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.
കോഴിക്കോട് നല്ലളം സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബസ് യാത്രക്കിടെയാണ് വേലായുധൻ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. കേസ് ഉടൻ തന്നെ നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ സംഭവം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം വ്യക്തമാക്കിയത്. പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന്റെ പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു.