സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ സമാപിക്കും; പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala

പതിനായിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ സമാപനമാകും. വൈകിട്ട് വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിനു മുന്നോടിയായി ചുവപ്പുസേനാ മാര്‍ച്ചും ബഹുജന റാലിയും നടക്കും.

തലസ്ഥാനത്തെ പാര്‍ട്ടിയെ വരുന്ന മൂന്നുവര്‍ഷക്കാലം നയിക്കാന്‍ പുതിയ നേതൃത്വത്തെ തെരെഞ്ഞടുത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നാളെ പിരിയും. പകല്‍ 3ന് ആഴാകുളത്തുനിന്നാണ് മാര്‍ച്ച് ആരംഭിക്കുക. പൊതുസമ്മേളനത്തിനുശേഷം മുരുകന്‍ കാട്ടാക്കട നയിക്കുന്ന ഗാനനൃത്ത വിസ്മയ രാവ് ഷോയും’ അരങ്ങേറും.

പ്രതിനിധി സമ്മേളനത്തില്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച അവസാനിച്ചു. പാര്‍ട്ടി പിബി അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി വി ജോയിയും ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. അഞ്ച് പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ഉച്ചവരെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം വന്‍നിര നേതാക്കള്‍ സമ്മേളനത്തില്‍ മുഴുനീള സാന്നിധ്യമായി മാറി. പുതിയ ജില്ലാ കമ്മിറ്റിയേയും സെക്രട്ടറിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും നാളെ തെരഞ്ഞെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *