കൊച്ചി: എറണാകുളം സി പി ഐയിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കടുത്ത വിഭാഗീയതയെന്ന് പറയുന്നത് സി പി ഐ മുൻ ജില്ലാ സെക്രട്ടറിയും എം എൽ എയുമായിരുന്ന പി രാജുവാണ്. സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരനെതിരെയാണ് പി രാജു രൂക്ഷ വിമർശനം ഉന്നയിക്കുന്നത്.
ജില്ലാ സെക്രട്ടറി കെ എം ദിനകരന് തന്നോട് തീർത്താൽ തീരാത്ത പകയാണെന്നും ഒറ്റക്ക് കിട്ടിയാൽ ജില്ലാ സെക്രട്ടറി തന്നെ തട്ടിക്കളയുമെന്ന പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ അച്ചടക്ക നടപടി പക്ഷപാതപരമാണ്. കൃത്രിമ കള്ളക്കണക്കുണ്ടാക്കിയാണ് തനിക്കെതിരെ ജില്ലാ സെക്രട്ടറി നടപടിയെടുത്തതെന്നും പി രാജു ആരോപിച്ചു.സാമ്പത്തിക ക്രമക്കേടിൽ പി രാജുവിനെതിരെ ഇന്നലെയാണ് കടുത്ത നടപടിയെടുക്കാൻ പാർട്ടി തീരുമാനിച്ചത്. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.
ഇതിന് പിന്നാലെയാണ് രാജു, ദിനകരനെതിരെ തുറന്നടിച്ചത്. തനിക്ക് പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുമെന്നും സാമ്പത്തിക ആരോപണം മാനസികമായി വിഷമമുണ്ടാക്കിയെന്നും പി രാജു പറഞ്ഞു. ജില്ലാ സെക്രട്ടറി ഓരോരുത്തരെയായി തെരഞ്ഞുപിടിച്ച് പുറത്താക്കുകയാണെന്നും രാജു പറയുന്നു.