പാല്‍ കറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാല് പശുക്കള്‍ ചത്തു: സംഭവം തൃശ്ശൂരില്‍

Breaking Kerala

തൃശൂർ: പാല്‍ കറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാല് പശുക്കള്‍ ചത്തു. പശുക്കളെ കറന്നുകൊണ്ടിരുന്ന കന്നുകാലികളുടെ ഉടമയായ കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു.തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് അതിദാരുണ സംഭവം നടന്നത്. ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിന് അടുത്തായി വല്ലച്ചിറക്കാരൻ തോമസിന്റെ ഉടമസ്ഥതയിലുള്ള പശുക്കളാണ് ഷോക്കേറ്റ് ചത്തത്. ആകെയുള്ള അഞ്ച് പശുക്കളില്‍ നാലെണ്ണമാണ് ഷോക്കേറ്റ് ചത്തത്. തോമസിന്റെ ഏക വരുമാനമാർഗ്ഗമായിരുന്നു ഈ കന്നുകാലികള്‍.

തോമസിന്റെ വീടിന് പിറകുവശത്തെ തൊഴുത്തിലാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ സംഭവം നടന്നത്. മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ നോക്കുന്നതിനിടെ പശുക്കള്‍ എല്ലാം ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാല്‍പാത്രം തോമസിന്റെ കയ്യില്‍ നിന്ന് തെറിച്ചു താഴെ വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെങ്കിലും തനിക്ക് മറ്റ് പരിക്കുകളെന്നും വന്നില്ലെന്നും തോമസ് വ്യക്തമാക്കി. അത്ഭുതകരമായാണ് തോമസ് രക്ഷനേടിയത്.

പശുക്കലെ കറക്കുകയായിരുന്ന സമയത്ത് തൊഴുത്തില്‍ ചാണകവും മൂത്രവും കിടന്ന നിലത്ത് ഈർപ്പം നിലനിന്നിരുന്നു. ഇരുമ്ബ് ഷീറ്റ് കൊണ്ട് മേല്‍ക്കൂരയുള്ള തൊഴുത്തില്‍ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്ബ് കൊണ്ടാണ് പണിഞ്ഞത്. മേല്‍ക്കൂരയില്‍ വെച്ച ഫാനില്‍ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം കറന്റ് ഇവിടേക്ക് പ്രവഹിച്ചതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നു.

ഇതിന് മുൻപും സമാന രീതിയില്‍ ഒരു തൊഴുത്തില്‍ പശു ചത്തിരുന്നു. ചേർപ്പ് മൃഗാശുപത്രിയിലെ ഡോ.സിഎ പ്രദീപ് സംഭവ സ്ഥലത്ത് വന്ന് പരിശോധന നടത്തി. സിസി മുകുന്ദൻ എംഎല്‍എ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് തുടങ്ങിയവരും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *