വടകര: എം.ഡി.എം.എയുമായി അറസ്റ്റിലായ ദമ്പതിമാർ താമസിച്ച വാടകവീട്ടിൽ പോലീസിന്റെ പരിശോധന. ശനിയാഴ്ച രാത്രി 96.44 ഗ്രാം എം.ഡി.എം.എയുമായി പതിയാരക്കരയിലെ മുതലോളി വീട്ടിൽ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
തുടർന്ന് മേമുണ്ടയിൽ ഇവർ താമസിച്ചിരുന്ന വാടകവീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ചെറിയ ഇലക്‌ട്രോണിക്‌സ് ത്രാസ്, പ്രതികളുടെ പാസ്പോർട്ടുകൾ, സ്റ്റെഫിയുടെ ആധാർ കാർഡ്, പാൻ കാർഡ്, വീട്ടുമുറ്റത്ത് നിർത്തിയിട്ട കെഎൽ 18വി 5907 മാരുതി വാഗണർ കാർ, മയക്കുമരുന്ന് നൽകാനുള്ള 55 പ്ലാസ്റ്റിക് കവറുകൾ എന്നിവ കണ്ടെടുത്തു കസ്റ്റിഡിയിലെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
പോലീസിനോ, മറ്റാളുകൾക്കോ സംശയം തോന്നാതിരിക്കാൻ ദമ്പതികൾ നാലു വയസുള്ള കുഞ്ഞിനെയും കൂടെ കൊണ്ടുനടന്നിരുന്നു. ബംഗളുരുവിൽനിന്ന് എം.ഡി.എം.എ. കടത്തുന്നിതിനിടെ കുറ്റ്യാടി ചുരം റോഡിൽ തൊട്ടിൽപാലത്തിനടുത്ത് ചാത്തങ്കോട്ടുനടയിൽവച്ചാണ് ഇരുവരെയും കോഴിക്കോട് റൂറൽ എസ്പിയുടെ ഡാൻസാഫ് അംഗങ്ങളും തൊട്ടിൽപാലം പോലീസും ചേർന്ന് പിടികൂടിയത്.