ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി ‘വാര്‍ റൂം’ സ്ഥാപിച്ചു

National

ഡല്‍ഹി: പാര്‍ട്ടിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി ‘വാര്‍ റൂം’ സ്ഥാപിച്ചു. ഇതിനായി കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ ഫോമുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

രാജേഷ് ഗാര്‍ഗ് ചെയര്‍മാനും രാജീവ് ശര്‍മ്മ കോ ചെയര്‍മാനുമായി ഡിപിസിസി ഓഫീസില്‍ ഒരു വാര്‍ റൂം സജ്ജീകരിക്കുമെന്ന് ഡിപിസിസി പ്രസിഡന്റ് അരവിന്ദര്‍ സിംഗ് ലൗലിയും പ്രഖ്യാപിച്ചു.

ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തി പഴയ കോട്ടയിലെ പ്രതാപം തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രചരണത്തിനായി കൂടുതല്‍ ഉപയോഗിക്കും.
ബൂത്ത് തലത്തില്‍ സംഘടനയിലേക്ക് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള പരിപാടിയും നടത്തും. ലോക്സഭാ, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ഡല്‍ഹി കോണ്‍ഗ്രസ് ആരംഭിച്ചതായി അരവിന്ദര്‍ സിംഗ് ലൗലി വ്യക്തമാക്കി. കോണ്‍ഗ്രസിനുള്ളില്‍ ആധുനിക സോഷ്യല്‍ മീഡിയ ടൂളുകളില്‍ പ്രാവീണ്യമുള്ള യുവാക്കളെ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമായ കാര്യമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപക് ബാബരിയയും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാകുന്ന ആളുകളെ കണ്ടെത്താന്‍ ഗൂഗിള്‍ ഫോമില്‍ പേര് വിവരങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ഒരു ക്യാമ്പയ്‌നിനും കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ ബൂത്ത് ലെവല്‍ ഏജന്റുമാരോടും ഉത്തരവാദപ്പെട്ട പദവികള്‍ വഹിക്കുന്ന മറ്റുള്ളവരോടും ഫോമുകള്‍ പൂരിപ്പിക്കാന്‍ ആളുകളെ സഹായിച്ചുകൊണ്ട് പരമാവധി ആളുകളെ കാമ്പെയ്നില്‍ ചേര്‍ക്കണമെന്ന് പി സി സി അധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *